അടച്ചും തുറന്നും മുല്ലപ്പെരിയാർ ഷട്ടറുകൾ; മാറ്റമില്ലാതെ ജലനിരപ്പ്, ഭീതിയിൽ ജനം
text_fieldsകുമളി: മുല്ലപ്പെരിയാറിൽ കേരളം കാഴ്ചക്കാർ മാത്രമായതോടെ അണക്കെട്ടിലെ ജലനിരപ്പ് പല തവണ 142ൽ എത്തിച്ച് തമിഴ്നാട് കളി തുടരുന്നു. ജലനിരപ്പിൽ നേരിയ കുറവ് വന്നാലുടൻ തമിഴ്നാട്ടിലേക്കുള്ള ജലത്തിന്‍റെ അളവിൽ കുറവ് വരുത്തിയും ഇടുക്കിയിലേക്ക് ജലം ഒഴുക്കുന്ന ഷട്ടറുകൾ അടച്ചുമാണ് ജലനിരപ്പ് വീണ്ടും 142ൽ എത്തിക്കുന്നത്.
ദിവസങ്ങളോളം ഇത്തരം നടപടികൾ തുടർന്നിട്ടും ഇതിനെതിരെ പ്രതികരിക്കാൻ കേരളത്തിന് കഴിയാത്തത് അണക്കെട്ടിന്‍റെ സമീപത്ത് വസിക്കുന്നവരെ ഭീതിയിലാക്കുന്നുണ്ട്. തിങ്കളാഴ്ച പുലർച്ചെ മൂന്നിന് 141.90 അടിയായി ജലനിരപ്പിൽ നേരിയ കുറവ് വന്നതോടെ ഇടുക്കിയിലേക്കുള്ള ജലം ഒഴുക്ക് സെക്കന്‍റിൽ 142 ഘന അടി മാത്രമാക്കുകയും തമിഴ്നാട്ടിലേക്ക് കൊണ്ടു പോകുന്ന ജലത്തിൻ്റെ അളവ് സെക്കൻ്റിൽ 1867ൽ നിന്നും 1200 ഘനഅടിയാക്കി കുറയ്ക്കുകയും ചെയ്തു.
ഇതോടെ പല തവണ ജലനിരപ്പ് 141.95 അടിയിലെത്തി രാവിലെ ഏഴു മണിയായതോടെ ജലനിരപ്പ് 142 പിന്നിട്ട് മുകളിലേക്ക് ഉയരുമെന്ന ഘട്ടത്തിൽ അഞ്ച് ഷട്ടറുകൾ തുറന്ന് ഇടുക്കിയിലേക്ക് 5691ഘന അടി ജലം തുറന്നു വിട്ടു.
പിന്നീട് തിങ്കളാഴ്ച രാത്രി 7.45 ഓടെ ഒമ്പത് ഷട്ടറുകൾ തുറന്ന് ഇടുക്കിയിലേക്കുള്ള ജലം ഒഴുക്ക് 7105 ഘന അടിയാക്കി വർധിപ്പിച്ചു. ഇതോടൊപ്പം തമിഴ്നാട്ടിലേക്ക് 1200 ൽ നിന്നും ജലം ഒഴുക്കുന്നത് 1867 ഘന അടിയായും വർധിപ്പിച്ചു. അണക്കെട്ടിലേക്ക് സെക്കൻ്റിൽ 5814 ഘന അടി ജലമാണ് ഒഴുകി എത്തുന്നത്. വൃഷ്ടിപ്രദേശമായ പെരിയാർ വനമേഖലയിൽ 28.8 ഉം തേക്കടിയിൽ 21.6 മില്ലീമീറ്റർ മഴയുമാണ് പെയ്തതത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.