മുല്ലപ്പെരിയാർ ജലനിരപ്പ് 141.85 അടിയിലേക്ക് താഴ്ന്നു; തുറന്നിരിക്കുന്നത് ഒരു ഷട്ടർ മാത്രം
text_fieldsകുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.85 അടിയിലേക്ക് താഴ്ന്നു. ഇതേതുടർന്ന് തുറന്ന ഒമ്പത് സ്പിൽവേ ഷട്ടറുകൾ ഇന്നലെ രാത്രിയോടെ തമിഴ്നാട് അടച്ചു. നിലവിൽ V3 ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തിയിട്ടുണ്ട്. സെക്കൻഡിൽ 142.48 ഘനയടി ജലമാണ് ഈ ഷട്ടറിലൂടെ പെരിയാറിലേക്ക് ഒഴുക്കുന്നത്.
ടണൽ വഴി സെക്കൻഡിൽ 1200 ഘനയടി ജലമാണ് വൈഗ ഡാമിലേക്ക് തമിഴ്നാട് കൊണ്ടു പോകുന്നത്. സെക്കൻഡിൽ 2442 ഘനയടിയാണ് സംഭരണിയിലേക്കുള്ള നീരൊഴുക്ക്. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതായാണ് റിപ്പോർട്ട്.
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് മുന്നറിയിപ്പില്ലാതെ കൂടിയ അളവിൽ ജലം തുറന്നുവിട്ട തമിഴ്നാട് നടപടിക്കെതിരെ പ്രതിഷേധം ഉയരുകയാണ്. വ്യാഴാഴ്ച പ്രതിഷേധവുമായി തെരുവിലിറങ്ങിയ നാട്ടുകാർ ദേശീയപാത ഉപരോധിക്കുകയും വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയും ചെയ്തു.
വ്യാഴാഴ്ച പുലർച്ച 2.30നാണ് മുല്ലപ്പെരിയാറിൽ നിന്ന് 6413 ഘന അടി ജലം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടത്. സ്പിൽവേയിലെ എട്ട് ഷട്ടറുകൾ തുറന്നാണ് ജലം ഇടുക്കിയിലേക്ക് ഒഴുക്കിയത്. അണക്കെട്ടിലുണ്ടായിരുന്ന കേരളത്തിന്റെ ജീവനക്കാരും വിവരം മുൻകൂട്ടി ജില്ല ഭരണകൂടത്തെ അറിയിച്ചില്ല.
വള്ളക്കടവ്, കറുപ്പുപാലം ഭാഗത്തെ നിരവധി വീടുകളിൽ വെള്ളം കയറിയതോടെ പരിഭ്രാന്തരായ നാട്ടുകാർ കുട്ടികളെയും കൈയിൽ കിട്ടിയ സാധനങ്ങളുമായി പല ഭാഗത്തേക്കും പാഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.