മുല്ലപ്പെരിയാർ ജലനിരപ്പ് 138.50 അടിയിലേക്ക് താഴ്ന്നു; ഏഴ് ഷട്ടറുകൾ അടച്ചു
text_fieldsകുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.50 അടിയിലേക്ക് താഴ്ന്നു. നീരൊഴുക്ക് കുറഞ്ഞതോടെ ഏഴ് സ്പിൽവേ ഷട്ടറുകൾ അടച്ചു. നിലവിൽ ഒരു ഷട്ടർ ഉയർത്തിയിട്ടുണ്ട്. വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിൽ ഷട്ടർ 60 സെന്‍റീമീറ്ററിൽ നിന്ന് 30 സെന്‍റീമീറ്ററിലേക്ക് താഴ്ത്തിയിട്ടുണ്ട്.
ഇന്നലെ ജലവിഭവ മന്ത്രി ദുരൈ മുരുകന്‍റെ നേതൃത്വത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ച തമിഴ്നാട് മന്ത്രിമാരുടെ സംഘം ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന് വ്യക്തമാക്കിയിരുന്നു. മുല്ലപ്പെരിയാർ പ്രശ്നം കേരള മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് തമിഴ്നാട് പറയുന്നുണ്ടെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് 142ൽ നിന്ന് 152 അടിയാക്കുമെന്ന കാര്യത്തിൽ മന്ത്രിമാരുടെ സംഘം ഉറച്ചുനിൽക്കുകയാണ്.
മുല്ലപ്പെരിയാർ പ്രശ്നത്തിൽ തമിഴ്നാട്ടിൽ കേരള-തമിഴ് നാട് സർക്കാറുകൾക്കെതിരെ വിവിധ കർഷക സംഘടനകളും എ.ഐ.എ.ഡി.എം.കെയും സമരരംഗത്തുണ്ട്. ഇവരുടെ പ്രതിഷേധം ശക്തിപ്പെട്ടതോടെയാണ് ഇതാദ്യമായി ഒന്നിലധികം മന്ത്രിമാരെ മുല്ലപ്പെരിയാറിലേക്ക് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അയച്ചത്. നീണ്ട ഇടവേളക്ക് ശേഷം ഒന്നിന് പകരം നാല് മന്ത്രിമാരെ ഒന്നിച്ചയച്ച് അണക്കെട്ടിന്‍റെ ഉടമസ്ഥാവകാശം കേരളത്തിനില്ലെന്ന് വ്യക്തമാക്കുകയാണ് തമിഴ്നാട്.
ജലനിരപ്പ് 136ന് മുകളിൽ എത്തിയപ്പോൾ മുതൽ ജലനിരപ്പ് ഉയരുന്നത് നിയന്ത്രിക്കണമെന്ന് കേരളം ആവശ്യപ്പെടുകയും സുപ്രീംകോടതിയുടെ ഇടപെടൽ ഉണ്ടാവുകയും ചെയ്തതോടെയാണ് ഷട്ടറുകൾ തുറന്ന് ജലം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കിയത്. ആറു മാസത്തിനകം ബേബി ഡാം ബലപ്പെടുത്തുന്നതിനുള്ള തടസങ്ങൾ കേന്ദ്ര വനം വകുപ്പുമായി ബന്ധപ്പെട്ട് നീക്കുമെന്ന അറിയിപ്പോടെ പ്രശ്നത്തിൽ കേരളവും കേന്ദ്രവും കോടതിയും സ്വീകരിക്കുന്ന നിലപാടായിരിക്കും വരും ദിവസങ്ങളിൽ നിർണായകമാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.