മുല്ലപ്പെരിയാർ ജലനിരപ്പ് 140.80 അടിയിലേക്ക് താഴ്ന്നു; ഒരു ഷട്ടർ കൂടി അടച്ചു, ഇടുക്കിയിലേക്ക് നീരൊഴുക്ക് കൂടി
text_fieldsകുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. രാവിലെ ആറിന് രേഖപ്പെടുത്തിയത് പ്രകാരം 140.80 അടിയാണ് നിലവിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് നിന്ന് സെക്കൻഡിൽ 2790 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.
സെക്കൻഡിൽ 3415 ഘനയടി ജലമാണ് അണക്കെട്ടിൽ നിന്ന് പുറത്തേക്ക് ഒഴുകുന്നത്. വൈഗ അണക്കെട്ടിലേക്ക് സെക്കൻഡിൽ 2337.92 ഘനയടി ജലമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. മുല്ലപ്പെരിയാറിന്‍റെ സ്പിൽവേ ഷട്ടർ വഴി ഇടുക്കി അണക്കെട്ടിലേക്ക് സെക്കൻഡിൽ 1077.08 ഘനയടി ജലമാണ് ഒഴുക്കുന്നത്.
അതേസമയം, ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഉയർത്തിയിരുന്ന ഒരു ഷട്ടർ (വി4) കൂടി രാവിലെ ഏഴു മണിക്ക് താഴ്ത്തിയതായി തമിഴ്നാട് സർക്കാർ അറിയിച്ചു. നിലവിൽ വി3 ഷട്ടർ 0.10 മീ വീതം ഉയർത്തി 128.65 ക്യുസെക്സ് ജലം പുറത്തുവിടുന്നുണ്ട്. അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശമായ തേക്കടിയിൽ 0.4 മില്ലീമീറ്റർ മഴ പെയ്തു.
മുല്ലപ്പെരിയാർ ജലനിരപ്പ് 141 അടിയിലെത്തിയതിനെ തുടർന്ന് വ്യാഴാഴ്ച രാവിലെ രണ്ട് സ്പിൽവേഷട്ടറുകൾ തുറന്ന് 772 ഘന അടി ജലം ആദ്യം പുറത്തേക്ക് ഒഴുക്കിയത്. പിന്നീട് മറ്റ് രണ്ട് ഷട്ടർ കൂടി തുറന്ന് 1544 ഘന അടിയാക്കി വർധിപ്പിച്ചു. ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിൽ രണ്ട് ഷട്ടറുകൾ (വി2 & വി5) രാത്രി 10 മണിക്ക് തമിഴ്നാട് താഴ്ത്തിയിരുന്നു.
അതേസമയം, നീരൊഴുക്ക് വർധിച്ചതിന് പിന്നാലെ ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് ഉയർന്നു. രാവിലെ രേഖപ്പെടുത്തിയത് പ്രകാരം 2399.50 അടിയാണ് നിലവിലെ ജലനിരപ്പ്. മണിക്കൂറിൽ 0.636 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.
1398.950 ഘനയടി ജലമാണ് സംഭരണിയിലുള്ളത്. സംഭരണശേഷിയുടെ 95.85 ശതമാനം വരുമിത്. ചെറുതോണി അണക്കെട്ടിന്‍റെ മൂന്നാം നമ്പർ ഷട്ടര്‍ 40 സെൻറീമീറ്റര്‍ വഴി മണിക്കൂറിൽ 0.475 ഘനയടി ജലമാണ് പെരിയാറിലേക്ക് ഒഴുക്കി വിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.