മുല്ലപ്പെരിയാർ ജലനിരപ്പ് വീണ്ടും 142 അടിയിൽ; സ്പിൽവേ വഴി ഒഴുക്കുന്നത് 144 ഘനയടി വെള്ളം
text_fieldsകുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയിലെത്തി. രാവിലെ എട്ട് മണിക്കാണ് ജലനിരപ്പ് 142 അടിയായി രേഖപ്പെടുത്തിയത്. സ്പിൽവേയിലെ V3 ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി സെക്കൻഡിൽ 144 ഘനയടി ജലമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്.
ടണൽ വഴി സെക്കൻഡിൽ 1867 ഘനയടി ജലമാണ് തമിഴ്നാട് വൈഗ ഡാമിലേക്ക് കൊണ്ടു പോകുന്നത്. സെക്കൻഡിൽ 2011 ഘനയടിയാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്.
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം മുന്നറിയിപ്പില്ലാതെ തുറന്നുവിടുന്ന തമിഴ്നാടിന്റെ നടപടി അടിയന്തരമായി തടയണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിച്ചു. അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതിൽ നിന്ന് തമിഴ്നാടിനെ വിലക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ ബോധിപ്പിച്ചു.
സുപ്രീംകോടതിയുടെ ഇടക്കാല നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് മേൽനോട്ടസമിതിക്ക് നിർദേശം നൽകണമെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതരത്തിൽ മേൽനോട്ടസമിതി പ്രവർത്തിക്കണമെന്നും ജലം തുറന്നുവിടുന്നതിൽ തീരുമാനമെടുക്കാൻ കേരള, തമിഴ്നാട് പ്രതിനിധികൾ അടങ്ങിയ സംയുക്ത സാങ്കേതിക ഓൺ സൈറ്റ് സമിതി രൂപവത്കരിക്കണമെന്നും അപേക്ഷയിൽ കേരളം ആവശ്യപ്പെട്ടു.
അർധരാത്രി മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിട്ടത് ജനത്തെ പരിഭ്രാന്തിയിലാക്കിയെന്നും ശാസ്ത്രീയ അടിത്തറയില്ലാത്ത നടപടികളാണ് തമിഴ്നാടിെൻറ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും കേരളം ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.