മുല്ലപ്പെരിയാർ: ജലനിരപ്പ് 142വരെ ഉയർത്താം –ഉന്നതാധികാര സമിതി
text_fieldsകുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കാമെന്ന തീരുമാനത്തോടെ ഉന്നതാധികാര സമിതി സന്ദർശനം അവസാനിച്ചു. ശനിയാഴ്ച രാവിലെ 11ഒാടെ അണക്കെട്ടിലെത്തിയ ഉന്നതാധികാര സമിതി പ്രധാന അണക്കെട്ട്, ഗാലറി, ബേബി ഡാം എന്നിവ സന്ദർശിച്ചു. സ്പിൽവേ പരിശോധിക്കാതെയായിരുന്നു സന്ദർശനം അവസാനിച്ചത്.
കേന്ദ്ര ജലകമീഷനിൽ അണക്കെട്ട് സുരക്ഷ വിഭാഗം ചീഫ് എൻജിനീയറായ ഉന്നതാധികാര സമിതി ചെയർമാൻ ഗുൽഷൻ രാജിെൻറ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങളായ കേരളത്തിെൻറ ജല വിഭവവകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ, തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി പ്രഭാകർ എന്നിവരാണ് സന്ദർശനം നടത്തിയത്. തമിഴ്നാട് സെക്രട്ടറിക്കൊപ്പം ജീപ്പിലാണ് ചെയർമാൻ അണക്കെട്ടിലെത്തിയത്. കേരളത്തിെൻറ പ്രതിനിധി ബോട്ടിൽ അണക്കെട്ടിലെത്തി. അണക്കെട്ട് സന്ദർശനത്തിനുശേഷം ചേർന്ന യോഗം 20 മിനിറ്റിൽ അവസാനിച്ചു.
അണക്കെട്ട് ബലവത്താണെന്നും ഇപ്പോൾ കാണപ്പെടുന്ന ജോയൻറ് ലീക്കുകൾ സാരമാക്കേണ്ടെന്നും ചെയർമാൻ പറഞ്ഞു. സ്പിൽവേ ഷട്ടർ ഓപറേറ്റിങ് മാന്വൽ ഒരു മാസത്തിനകം ഇരുസംസ്ഥാനവും ചേർന്ന് തയാറാക്കി കേന്ദ്ര ജലകമീഷന് സമർപ്പിക്കണം. ഇത് മുമ്പ്, തമിഴ്നാട് തയാറാക്കി കേരളത്തിനു നൽകണമെന്നായിരുന്നു തീരുമാനം.
അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയർത്താൻ തടസ്സങ്ങളില്ല. അനുവദനീയമായ അളവിലാണ് സീപേജ് ജലമെന്നും ചെയർമാൻ വ്യക്തമാക്കി. സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുകയും ഇടുക്കി ജലസംഭരണി നിറയുകയും ചെയ്ത ഘട്ടത്തിൽ നടന്ന ഉന്നതാധികാര സമിതി സന്ദർശനം കേരളത്തിന് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ, തമിഴ്നാടിന് അനുകൂലമായി ജലനിരപ്പ് 142ലേക്ക് ഉയർത്താൻ അനുമതി നൽകുന്ന ഉന്നതാധികാര സമിതി തീരുമാനം ഫലത്തിൽ കേരളത്തിെൻറ ആശങ്കകൾ വർധിപ്പിക്കുന്നതായി.
മുമ്പെടുത്ത തീരുമാനങ്ങൾ നടപ്പാക്കാതിരിക്കുകയും സ്പിൽവേ പരിശോധിക്കാതെ അവസാനിക്കുകയും ചെയ്ത സന്ദർശനം പ്രഹസനമായതായി ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. 134.40 അടിയാണ് ഇപ്പോൾ ജലനിരപ്പ്. സെക്കൻഡിൽ 1133 ഘനഅടി ജലം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. തമിഴ്നാട്ടിലേക്ക് 2100 ഘനഅടിയാണ് തുറന്നുവിട്ടിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.