മുല്ലപ്പള്ളിയുടെ നേതാവ് അമിത് ഷായോ സോണിയയോ -എം.എം മണി
text_fieldsതിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സി.പി.എമ്മിനോടൊപ്പം കൈകോർത്ത് സംയുക്ത സമരത്തിനിറങ്ങുന്നതി നെ എതിർത്ത കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ വിമർശിച്ച് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി.
മുല്ലപ്പള്ളിയുടെ നേതാവ് അമിത് ഷായാണോ സോണിയ ഗാന്ധിയാണോ എന്ന് ചോദിച്ചുകൊണ്ടാണ് എം.എം. മണി വിമർശനമുന്നയിച്ചത്. ഫേസ്ബുക്കിലൂടെയാണ് ‘പുര കത്തുമ്പോൾ മുല്ലപ്പള്ളിയുടെ വാഴവെട്ട്’ എന്ന തലക്കെട്ടിൽ എം.എം. മണി കെ.പി.സി.സി അധ്യക്ഷനെതിരെ ആഞ്ഞടിച്ചത്.
എം.എം. മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
പുര കത്തുമ്പോൾ മുല്ലപ്പള്ളിയുടെ വാഴവെട്ട്
ഇന്ത്യയുടെ മത നിരപേക്ഷത തകർക്കുന്നതിനും വിഭാഗീയത സൃഷ്ടിക്കുന്നതിനും ലക്ഷ്യം വച്ച് ബി.ജെ.പിയുടെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ബില്ലിനെതിരെ കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും സംയുക്തമായി രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ സംഘടിപ്പിച്ച സമരം ദേശീയ തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയതും കക്ഷിഭേദമെന്യ എല്ലാവരിൽ നിന്നും അംഗീകാരം നേടിയതുമായിരുന്നു.
ഡൽഹിയിൽ സി.പി.എം. നേതാവ് സ. സീതാറാം യെച്ചൂരിയും, കോൺഗ്രസ് നേതാവ് ശ്രീമതി സോണിയാ ഗാന്ധിയും ഉൾപ്പെടെ വിവിധ കക്ഷി നേതാക്കളും ഒരുമിച്ച് സമരത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ യോജിച്ചുള്ള സമരത്തെ സോണിയാ ഗാന്ധി ഉൾപ്പെടെ ദേശീയ തലത്തിലും, കേരളത്തിലും കോൺഗ്രസിെൻറ മിക്കവാറും എല്ലാ നേതാക്കൻമാരും അനുകൂലിക്കുകയാണ്. സ്വാഭാവികമായും ബി.ജെ.പി നേതാക്കൾ എതിർക്കുയും ചെയ്യുന്നു.
എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും ബി.ജെ.പിയുടെ വഴിയേ ഇത്തരം സമരത്തെ എതിർക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് രംഗത്തെത്തിയിരിക്കുന്നു. ശബരിമല വിഷയത്തിൽ ഇതേ മുല്ലപ്പള്ളി തന്നെയാണ് ആർ.എസ്.എസുമായി കൈകോർത്ത് സമരം ചെയ്യാൻ അണികളോട് ആഹ്വാനം ചെയ്തതെന്ന കാര്യവും ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്. ഇതെല്ലാം കാണുന്ന ജനങ്ങൾ ചോദിക്കുന്നുണ്ട്; മുല്ലപ്പള്ളി രാമചന്ദ്രെൻറ നേതാവ് അമിത് ഷായാണോ സോണിയാ ഗാന്ധിയാണോ ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.