പി.എസ്.സി അഭ്യസ്തവിദ്യരായ യുവാക്കളെ വെല്ലുവിളിക്കുന്നു- മുല്ലപ്പള്ളി രാമചന്ദ്രൻ
text_fieldsകോഴിക്കോട്: സര്‍ക്കാര്‍ ജോലി പി.എസ്.സിയുടെ ഔദാര്യമല്ല നിലവിലെ റാങ്കുലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന പ്രഖ്യാപനം അഭ്യസ്തവിദ്യരായ യുവതീ യുവാക്കളോടുള്ള വെല്ലുവിളിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഉദ്യോഗാർഥികളുടെ മേല്‍ കുതിര കയറുകയാണ് പി.എസ്.സിയെന്നും ഉദ്യോഗാര്‍ത്ഥികളെ അവഹേളിക്കുന്ന മനോനിലയാണ് ചെയര്‍മാനുള്ളതെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പൽ മുല്ലപ്പള്ളി കുറ്റപ്പെടുത്തി. എ.കെ.ജി സെന്‍ററിൽ നിന്നും സമ്മതപത്രം ഉള്ളവര്‍ക്കെ സര്‍ക്കാര്‍ ജോലി ലഭിക്കുയെന്ന അവസ്ഥയാണ് കേരളത്തിലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം കൊണ്ട് 11 തവണയാണ് ലിസ്റ്റുകളുടെ കാലാവധി നീട്ടി നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം
സര്‍ക്കാര്‍ ജോലി പി.എസ്.സിയുടെ ഔദാര്യമല്ല നിലവിലെ റാങ്കുലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന പ്രഖ്യാപനം അഭ്യസ്തവിദ്യരായ യുവതീ യുവാക്കളോടുള്ള വെല്ലുവിളിയാണ്.
സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ റാങ്കുലിസ്റ്റിന്റെ കാലാവധി നീട്ടി നല്‍കാന്‍ പി.എസ്.സിക്ക് കഴിയും.എന്നാല്‍ യുവാക്കളോട് ഒരു പ്രതിബദ്ധതയുമില്ലാത്ത സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികളുടെ മേല്‍ കുതിരകയറുകയാണ് പി.എസ്.സി. നിഷ്പക്ഷത പാലിക്കേണ്ട ചെയര്‍മാന്റെ വാക്കും പ്രവര്‍ത്തിയും പദവിക്ക് ചേര്‍ന്നതല്ല. ഉദ്യോഗാര്‍ത്ഥികളെ അവഹേളിക്കുന്ന മനോനിലയാണ് ചെയര്‍മാനുള്ളത്. സര്‍ക്കാര്‍ നടത്തുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് കുടപിടിക്കുന്ന സമീപനമാണ് ചെയര്‍മാന്റെത്. പി.എസ്.സിയുടെ റാങ്കുലിസ്റ്റുകളെ മറികടന്നാണ് കരാര്‍ നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളും നടക്കുന്നത്. കരാര്‍ നിയമനങ്ങള്‍ നിയന്ത്രിക്കാന്‍ പി.എസ്.സി ഒന്നും ചെയ്യുന്നില്ല. ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതിലും പി.എസ്.സി അലംഭാവം തുടരുകയാണ്.എ.കെ.ജി സെന്ററില്‍ നിന്നും സമ്മതപത്രം ഉള്ളവര്‍ക്കെ സര്‍ക്കാര്‍ ജോലി ലഭിക്കുയെന്ന അവസ്ഥയാണ് കേരളത്തിൽ.
കഴിഞ്ഞ മൂന്ന് മാസം കൊണ്ട് ഇരുന്നൂറിലധികം റാങ്കുലിസ്റ്റുകളാണ് റദ്ദാക്കിയത്.ഇതിന്റെ ഫലമായി അനേകായിരങ്ങള്‍ക്കാണ് തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട് പി.എസ്.സി നിയമനം നിഷേധിച്ചത്.കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ഏറ്റവുമധികം ആവശ്യമായ സേവനം നടത്താന്‍ കഴിയുന്ന അസിസ്റ്റന്റ് സര്‍ജന്‍, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയ ലിസ്റ്റുകളുണ്ട്. ഇനിയൊരു പുതിയ ലിസ്റ്റ് വന്ന് നിയമനം നടത്താന്‍ ഏറെ കാലതാമസം ഉണ്ടാകും. നഴ്‌സുമാരുടെ ലിസ്റ്റ് ഉണ്ടെങ്കിലും വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. കോവിഡ് പ്രതിസന്ധി മൂലം എല്‍ഡിസി, ഓഫീസ് അറ്റന്‍ഡന്റ്, ഡ്രൈവര്‍ തുടങ്ങി പതിനായിരക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം കിട്ടുന്ന നിരവധി ലിസ്റ്റുകളിലും വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഒരു വര്‍ഷംകൊണ്ടാണ് പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീര്‍ന്നത്.കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം കൊണ്ട് 11 തവണയാണ് ലിസ്റ്റുകളുടെ കാലാവധി നീട്ടി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.