'തോമസ്, താങ്കൾ കോൺഗ്രസിലെ ഒരു സുഖിമാൻ മാത്രം'; ചരിത്രവും കാലവും കാത്തിരിക്കുന്നുവെന്ന് മുല്ലപ്പള്ളി
text_fieldsസി.പി.എം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത് പ്രസംഗിച്ച കെ.വി. തോമസിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ.വി. തോമസ് കോൺഗ്രസിലെ ഒരു സുഖിമാൻ മാത്രമായിരുന്നുവെന്നും ചരിത്രവും കാലവും അങ്ങയെ കാത്തിരിക്കുകയാണെന്നും മുല്ലപ്പള്ളി ഫേസ്ബുക്കിൽ കുറിച്ചു.
തോമസും സി.പി.എം നേതൃത്വവും വളരെ കൃത്യമായ ധാരണയോടെയാണ് മുന്നോട്ടു പോകുന്നുവെന്നതാണ് പിണറായി വിജയന്‍റെയും കോടിയേരി ബാലകൃഷ്ണന്‍റെയും പ്രതികരണത്തിൽ നിന്ന് മനസിലാകുന്നത്. സജീവ രാഷ്ട്രീയത്തിൽ വന്ന ശേഷം എത്രയെത്ര സുവർണ്ണാവസരങ്ങളാണ് താങ്കൾക്ക് ലഭിച്ചത്. ഒരു ദിവസമെങ്കിലും ഈ പാർട്ടിക്കു വേണ്ടി വിയർപ്പൊഴുക്കുകയും കഷ്ടപ്പെടുകയും ചെയ്ത ചരിത്രം താങ്കൾക്കുണ്ടോ?. ഒരു നിമിഷം പോലും അധികാരവും പദവിയുമില്ലാതെ താങ്കൾക്ക് നിൽകാൻ കഴിയുകയില്ല. കാരണം താങ്കൾ ഒരു അധികാര രാഷ്ട്രീയക്കാരൻ മാത്രമാണ് -മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
മുല്ലപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
കെ.വി. തോമസ് ചെയ്തത് കൊടുംചതി
മറ്റു സംഘടനകളുടെ സെമിനാറുകളിലും ചർച്ചകളിലും കോൺഗ്രസ് പ്രതിനിധികൾ പങ്കെടുത്ത് കോൺഗ്രസിന്റെ ആശയങ്ങളും സമീപനങ്ങളും പങ്കുവെക്കുന്നതിൽ ഒരു അസ്വാഭാവികതയുമില്ല. പക്ഷെ മൗലികമായി ചില നടപടി ക്രമങ്ങൾ പാലിക്കേണ്ട ഉത്തരവാദിത്തം പങ്കെടുക്കുന്ന ഓരോ പ്രതിനിധിക്കുമുണ്ട്.
എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ നിലപാട് തന്നെയാണ് സ്വീകരിക്കാറുള്ളത്. കെ.വി. തോമസ് ഈ തത്വങ്ങളെല്ലാം കാറ്റിൽപ്പറത്തിയിരിക്കുകയാണ്. കോൺഗ്രസിന്റെ പ്രതിനിധികൾ സി.പി.എം. സെമിനാറിൽ പങ്കെടുക്കണമെങ്കിൽ, സി.പി.എം. കോൺഗ്രസ് നേതൃത്വത്തെയാണ് ആദ്യം സമീപിക്കേണ്ടത്. കെ.വി. തോമസിനെയും ഡോ. ശശി തരൂരിനെയും പാർട്ടിയെ അറിയിച്ചു കൊണ്ടല്ല സി.പി.എം ക്ഷണിച്ചത്. അതിനർഥം മുഖ്യമന്ത്രിയുമായി വ്യക്തി ബന്ധമുള്ളവരെ മാത്രം ക്ഷണിച്ചു കൊണ്ട് ആശയക്കുഴപ്പമുണ്ടാക്കാനാണ്. ഈ ദുഷ്ടബുദ്ധി തോമസിന്ന് തിരിച്ചറിയാൻ കഴിയാത്തതാണോ? തികച്ചും വ്യക്തിപരമായ താൽപര്യങ്ങൾ മാത്രം മുൻ നിർത്തി, പാർട്ടി അച്ചടക്കത്തിനു നിരക്കാത്ത നിലപാടാണ് തോമസ് സ്വീകരിക്കുകയും കണ്ണൂരിൽ സി.പി.എം. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുകയും ചെയ്തത്. സി.പി.എമ്മിനെ പ്രതിനിധീകരിച്ചു മറ്റു പാർട്ടികളുടെ വേദികളിൽ ഒരു സി.പി.എം. പ്രതിനിധിക്ക് പാർട്ടിയുടെ സമ്മതമില്ലാതെ പങ്കെടുക്കാൻ കഴിയുമോ?
ഞാൻ ഇപ്പോഴും ഒരു കോൺഗ്രസുകാരനാണെന്നു രാഷ്ട്രീയ സത്യസന്ധത ഇല്ലാതെ കെ.വി. തോമസ് പറയുമ്പോൾ, പാർട്ടി സംസ്ഥാന സെക്രട്ടറി പറയുന്നത് ഒന്നോ രണ്ടോ ദിവസമേ തോമസ് കോൺഗ്രസിലുണ്ടാവുകയുള്ളുവെന്നാണ്. മുഖ്യമന്ത്രി അൽപം കൂടി കടന്നു പറഞ്ഞത് ആരും തോമ്മസിന്റെ മൂക്കുമുറിക്കില്ല, തോമസിന് ഒരു ചുക്കും സംഭവിക്കില്ല എന്നാണ്. ഇത്രയും ആധികാരികതയോടെ സെമിനാർ വേദിയിൽ ഉറപ്പിച്ചു പറയാൻ സി.പി.എം നേതാക്കൾക്ക് എങ്ങിനെ കരുത്തുകിട്ടി ? അതിനർഥം തോമസും സി.പി.എം നേതൃത്വവും വളരെ കൃത്യമായ ധാരണയോടെയാണ് മുന്നോട്ടു പോകുന്നുവെന്നതാണ്. ലളിതമായ ഭാഷയിൽ പറഞ്ഞാൽ രാഷ്ട്രീയമായ കൊടും ചതിയാണ് തോമസ് ചെയ്തത്.
പ്രിയപ്പെട്ട തോമസ്, താങ്കൾ സജീവ രാഷ്ട്രീയത്തിൽ വന്ന ശേഷം എത്രയെത്ര സുവർണ്ണാവസരങ്ങളാണ് താങ്കൾക്ക് ലഭിച്ചത്. ഒരു ദിവസമെങ്കിലും ഈ പാർട്ടിക്കു വേണ്ടി വിയർപ്പൊഴുക്കുകയും കഷ്ടപ്പെടുകയും ചെയ്ത ചരിത്രം താങ്കൾക്കുണ്ടോ?
കോൺഗ്രസിലെ ഒരു Arm Chair Politician (സുഖിമാൻ) മാത്രമായിരുന്നു താങ്കൾ. ഒരു നിമിഷം പോലും അധികാരവും പദവിയുമില്ലാതെ താങ്കൾക്ക് നിൽകാൻ കഴിയുകയില്ല. കാരണം താങ്കൾ ഒരു അധികാര രാഷ്ട്രീയക്കാരൻ മാത്രമാണ്. (Power Politician).
പ്രതിസന്ധി ഘട്ടത്തിൽ, കോൺഗ്രസിനാവശ്യമുള്ളത് രാഷ്ട്രീയ ഭാഗ്യാന്വേഷികളെ അല്ല. സർവ്വം സമർപ്പിച്ച് പ്രസ്ഥാനത്തെ നയിക്കാൻ കഴിയുന്ന ചെറുതും വലുതുമായ നേതാക്കന്മാരും പ്രവർത്തകന്മാരുമാണ്. അത്തരം പതിനായിരക്കണക്കായ പ്രവർത്തകന്മാരെ പുറകിൽ നിന്ന് കുത്തിയാണ് പ്രിയ തോമസ് സി.പി.എം. സെമിനാറിൽ താങ്കൾ പങ്കെടുത്തത്. ചരിത്രവും കാലവും അങ്ങയെ കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.