വെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തിയെന്ന വാർത്ത കെട്ടിച്ചമച്ചത് -മുല്ലപ്പള്ളി രാമചന്ദ്രൻ
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി താൻ ചർച്ച നടത്തിയെന്ന വാർത്ത കെട്ടിച്ചമച്ചതാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. കറകളഞ്ഞ മതനിരപേക്ഷ നിലപാടാണ് എൻറേത്. അതിൽ ഇന്നുവരെ വെള്ളം ചേർക്കേണ്ടി വന്നിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
'തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പേ വെൽഫെയർ പാർട്ടിയുമായുള്ള കാര്യം പറഞ്ഞതാണ്. കൃത്യമായി ഈ കാര്യത്തിന് ഉത്തരം നൽകിയതാണ്. അതിനുശേഷം കേരളത്തിൻറെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവറും ഇക്കാര്യം പറഞ്ഞതാണ്. കെ.സി വേണുഗോപാലും ഇത് ആവർത്തിച്ചു. അതിലപ്പുറം ഒന്നും പറയേണ്ടതില്ല.'
ഇന്ത്യൻ നാഷണൽ കോൺഗ്രസ് വെൽഫെയർ പാർട്ടിയുമായി ഈ തെരഞ്ഞെടുപ്പിൽ ധാരണ ഉണ്ടാക്കിയിട്ടില്ല എന്ന കാര്യം വീണ്ടും ആവർത്തിക്കുന്നു. അത് അടഞ്ഞ അധ്യായമാണ്. ഇത് കെട്ടിച്ചമച്ച വാർത്തയാണ് -മുല്ലപ്പള്ളി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരമായി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫുമായുള്ള ആദ്യ നീക്കുപോക്ക് ചർച്ചകൾ നടത്തിയത് മുല്ലപ്പള്ളിയുടെ അറിവോടെയാണെന്നായിരുന്നു ഇന്നലെ വെൽഫെയർ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഹമീദ് വാണിയമ്പലം പറഞ്ഞത്. പാർട്ടിയുമായുള്ള ധാരണ കെ.പി.സി.സി പ്രസിഡൻറ് നിഷേധിക്കുന്നത് അവസരവാദ രാഷ്ട്രീയമാണ്. പരാജയം മറച്ചുവെക്കാൻ വെൽഫെയർ പാർട്ടിയെ കരുവാക്കുകയാണ്. നിലവിലുള്ള ധാരണ തദ്ദേശ തെരഞ്ഞെടുപ്പിൽ മാത്രമായിരുന്നെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ നീക്കുപോക്ക് ഉണ്ടാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.