നടിയെ ആക്രമിച്ച കേസിൽ താനടക്കമുള്ളമുള്ളവർ നിസംഗത പുലർത്തിയത് തെറ്റായെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
text_fieldsകോഴിക്കോട്: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ താനടക്കമുള്ള രാഷ്ട്രീയപ്രവർത്തകർ നിസംഗത പുലർത്തിയത് വലിയ തെറ്റായിപ്പോയെന്ന് കെ.പി.സി.സി. മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എം. കമലത്തെ അനുസ്മരിക്കാൻ ചേർന്ന യോഗത്തിൽ പ്രഭാഷണം നടത്തവെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. ഡി.സി.സി.യുടെ ആഭിമുഖ്യത്തിലാണ് മുൻമന്ത്രിയും വനിതാകമീഷൻ അധ്യക്ഷയുമായിരുന്ന എം. കമലത്തെ അനുസ്മരിച്ചത്.
വാടകക്കുറ്റവാളിയെ ഉപയോഗിച്ചാണ് നടിയെ ക്രൂരമായി പീഡിപ്പിച്ചത്. രാഷ്ട്രീയപ്രവർത്തകർ ഇരക്കൊപ്പം നിൽക്കണമെന്ന് പൊതുസമൂഹം ആഗ്രഹിച്ചിരുന്നു. എന്നാൽ അവർ വേട്ടക്കാരനൊപ്പം ചേർന്ന് മൗനം അവലംബിച്ചു. ഇരക്ക് നീതി കിട്ടിയില്ല. കേരളത്തിലാണ് ഇതെല്ലാം നടന്നത് എന്നോർത്ത് നാം ലജ്ജിക്കണം. ഈ കാട്ടാളത്തത്തെ അപലപിക്കാൻ പി.ടി. തോമസ് ഒഴികെ രാഷ്ട്രീയപ്രവർത്തകർ ആരുമുണ്ടായിരുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ അനുസ്മരിച്ചു.
മികച്ച മഹിളാ കോൺഗ്രസ് പ്രവർത്തകക്ക് എം. കമലത്തിന്റെ പേരിൽ അവാർഡ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ അധ്യക്ഷനായി. കെ.സി. അബു, സത്യൻ കടിയങ്ങാട്, പി.എം. അബ്ദുറഹ്മാൻ, കെ. രാമചന്ദ്രൻ, രാജേഷ് കീഴരിയൂർ, എം. രാജൻ, എൻ. ഷെറിൽ ബാബു, അച്യുതൻ പുതിയേടത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.