ആർ.എസ്.എസും കമ്യൂണിസ്റ്റ് പാർട്ടിയും ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവർ -മുല്ലപ്പള്ളി
text_fieldsതിരുവനന്തപുരം: ആർ.എസ്.എസും കമ്യൂണിസ്റ്റ് പാർട്ടിയും ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരാണെന്നും ഇന്ത്യയുടെ സ്വാതന്ത്രത്തിനായി പോരാടിയ പതിനായിരങ്ങളെ കുറിച്ച് ഇവർക്ക് അറിയില്ലെന്നും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ബ്രിട്ടീഷുകാർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാട്ടം നടത്തിയ ഗാന്ധിജിയുടെയും നെഹ്റുവിന്‍റെയും പ്രസ്ഥാനമാണ് കോൺഗ്രസെന്നും മുല്ലപ്പള്ളി പറഞ്ഞു. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക എന്നാവശ്യപ്പെട്ട് രാജ്ഭവനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്വിറ്റ് ഇന്ത്യാ സമരത്തെ അംഗീകരിക്കാത്ത, സ്വാതന്ത്ര്യം കിട്ടിയത് പോലും അംഗീകരിക്കാത്തവരാണ് ആർ.എസ്.എസും കമ്യൂണിസ്റ്റുകാരും. പതിനായിരക്കണക്കിനാളുകൾ ജീവത്യാഗം പോലും ചെയ്ത് സ്വാതന്ത്ര്യത്തിനായി പൊരുതുമ്പോൾ ബ്രിട്ടീഷ് ഇന്‍റലിജൻസുമായി ചേർന്ന് അവരുടെ പാദസേവ ചെയ്ത ചരിത്രമാണ് ആർ.എസ്.എസിനും കമ്യൂണിസ്റ്റ് പാർട്ടിക്കുമുള്ളത്.
ഈ നാടിന്‍റെ ഗതിവിഗതിയെ നിർണയിച്ച സംഘടനയാണ് കോൺഗ്രസ്. കോടിക്കണക്കിന് ആളുകളുടെ മനസിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വേരോട്ടം. ആ അടിവേരുകളെ തകർക്കാൻ ആർക്കും സാധ്യമല്ല.
ഒരു ജനതയെയാകെ അഞ്ചരവർഷത്തോളം അടിമകളാക്കിവെച്ചാണ് ബി.ജെ.പി കേന്ദ്രം ഭരിക്കുന്നത്. അതിന് അവസാനമാവുകയാണെന്നാണ് ഈ ജനമുന്നേറ്റം കാണിക്കുന്നത്. അവസാനത്തെ കോൺഗ്രസുകാരന്‍റെ ശ്വാസം നിലയ്ക്കുന്നത് വരേയും ആർക്കും ജനാധിപത്യവും മതേതരത്വവും തകർക്കാൻ സാധിക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.