പൊറുതിമുട്ടിച്ച് കേസുകൾ; പാർട്ടി തിരിഞ്ഞുനോക്കുന്നില്ലെന്ന് യൂത്ത് കോൺഗ്രസ് നേതാവ്
text_fieldsകൊച്ചി: പ്രതിപക്ഷത്ത് വർഷം ഏഴര പിന്നിട്ടിരിക്കെ കോൺഗ്രസിലെ വിദ്യാർഥി-യുവജന പ്രവർത്തകർ കേസുകളാൽ പൊറുതിമുട്ടുന്നു. നൂറുകണക്കിന് കേസാണ് സമരങ്ങളുമായി ബന്ധപ്പെട്ട് കെ.എസ്.യു-യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങി വിഷമിക്കുന്ന പ്രവർത്തകരെ സഹായിക്കാൻ പാർട്ടി ഇല്ലെന്ന ആക്ഷേപം ഈ സംഘടനകളിൽ പുകയുകയാണ്.
കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ ഇത്തരം കേസുകൾ നടത്താൻ സഹായം ഉണ്ടാവുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അത് നടപ്പായില്ലെന്ന് യൂത്ത് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
കോൺഗ്രസിന്റെ അഭിഭാഷക സംഘടനയിലുള്ള ആരെയോ ഈ കേസുകൾ കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയതായി പ്രസിഡന്റ് അറിയിച്ചതല്ലാതെ ഇവരുടെ സേവനം കിട്ടിയിട്ടില്ലത്രേ. സ്വന്തം പേരിൽ നൂറ് കേസ് വരെയുള്ള യൂത്ത് നേതാക്കളുണ്ടത്രേ. പാർട്ടിക്കുവേണ്ടി കൊടിപിടിക്കാനും സമരം നയിക്കാനും മുന്നിൽ നിൽക്കുന്നവരെ നിരാശപ്പെടുത്തുന്ന സമീപനത്തിനെതിരെ നേതൃത്വത്തോട് പരാതിപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ലെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.
വിഷയത്തിൽ കെ.പി.സി.സി പ്രസിഡന്റ് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരിക്കുകയാണ് നിരവധി കേസിൽ പ്രതിയായ കോടതിയിൽ കയറി ഇറങ്ങുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാൻ.
പൊലീസ് മാനസികമായും അല്ലാതെയും ബുദ്ധിമുട്ടിക്കുന്നതിന് പുറമെയാണ് പാർട്ടി തിരിഞ്ഞുനോക്കാത്തതു മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയും മാനസിക വ്യഥയുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.