ബാർജ് അപകടം: എട്ട് മണിക്കൂർ കടലിൽ; നടുക്കം മാറാതെ ഹാരിസ്
text_fieldsവടക്കാഞ്ചേരി (തൃശൂർ): മുംബൈയിൽ ബാർജ് അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഹാരിസ് നടുക്കം മാറാതെ വീട്ടിലെത്തി. വടക്കാഞ്ചേരി മംഗലം വെട്ടിക്കാട്ടിൽ കുഞ്ഞുമൊയ്തീൻ-പരേതയായ റംലത്ത് ദമ്പതികളുടെ മകനാണ് ഹാരിസ് (28). മുംബൈ ആസ്ഥാനമായ ആർ.കെ ഇൻസ്ട്രുമെൻറ്സ് കമ്പനിയിൽ പ്ലാനിങ് എൻജിനീയറായി രണ്ട് വർഷം മുമ്പാണ് ജോലിക്ക് ചേർന്നത്. ചുഴലിക്കാറ്റിൽ മുങ്ങിയ ബാർജിൽനിന്ന് കടലിലേക്ക് ചാടിയതുകൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയതെന്ന് ഹാരിസ് പറയുന്നു.
അപകടം നടന്ന തിങ്കളാഴ്ച വൈകീട്ട് അഞ്ച് മുതൽ ചൊവ്വാഴ്ച പുലർച്ച വരെ എട്ട് മണിക്കൂറോളം ലൈഫ് ജാക്കറ്റിെൻറ സഹായത്തോടെ കടലിൽ കിടന്നു. മുംബൈയിൽനിന്ന് എത്തിയ നാവികസേനയാണ് ഹാരിസിനെയും കൂടെയുണ്ടായിരുന്ന നാലുപേരെയും കരയിലെത്തിച്ചത്. അപകട സമയത്ത് കാറ്റും മഴയും മൂലം കടൽ പ്രക്ഷുബ്ധമായിരുന്നു. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷൻ സി.വി. ബഷീർ എന്നിവർ ഹാരിസിെൻറ വീട്ടിലെത്തി.
ബാർജ് അപകടം; മരണം 66 ആയി: തിരിച്ചറിയാതെ 30 മൃതദേഹങ്ങൾ
മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ അറബിക്കടലിൽ ബാർജ് മുങ്ങി കാണാതായവർക്കായി മുങ്ങൽ വിദഗ്ധരേയും സ്കാനിങ് സാങ്കേതികവിദ്യയുള്ള കപ്പലും ഉപയോഗിച്ച് നാവികസേന തിരച്ചിൽ ഉൗർജിതമാക്കി. പി 305 ബാർജും ബാർജ് കെട്ടിവലിക്കാൻ ചെന്ന വെസൽ വരപ്രദയും കണ്ടെത്താനുണ്ട്. ബാർജിലെ ഒമ്പതും വരപ്രദയിലെ 11 ഉം അടക്കം 20 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. കാണാതായവരിൽ ചിലർ ബാർജിലും വെസലിലും കുടുങ്ങിയതായി സംശയിക്കുന്നു.
ഇതിനിടയിൽ ഗുജറാത്തില വൽസദിനടുത്ത് തീരത്ത് അഞ്ച് മൃതദേഹങ്ങൾ അടിഞ്ഞിട്ടുണ്ട്. മൂന്ന് മൃതദേഹങ്ങളിൽ ലൈഫ്ജാക്കറ്റുള്ളതിനാൽ ബാർജ് അപകടത്തിൽപെട്ടവരാകാമെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം 15 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ ഇതുവരെയുള്ള മരണം അഞ്ച് മലയാളികളുൾപ്പെടെ 66 ആയി. ഇനിയും നാല് മലയാളികളെ കണ്ടെത്താനുണ്ടെന്നാണ് സൂചന. കാണാതായ മലയാളികളിൽ ഒരാൾ അടൂർ പഴകുളം പടിഞ്ഞാറ് വി.വി വില്ലയിൽ സുരേന്ദ്രെൻറയും ജയശ്രീയുടെയും മകൻ വിവേക് സുരേന്ദ്രനാണ് (33). ഒമ്പതുവർഷമായി ഇദ്ദേഹം മാത്യു അസോസിയേറ്റ് കമ്പനിയിൽ സേഫ്റ്റി ഓഫിസറാണ്. 66 ൽ 31 മൃതദേഹങ്ങളാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.
ശേഷിച്ചവരെ തിരിച്ചറിയാനായി ഡി.എൻ.എ പരിശോധന നടത്തും. ഇതുവരെ 28 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയതായി മുംബൈ പൊലീസ് അറിയിച്ചു. ഒരു മലയാളിയുടെ മൃതദേഹം സുഹൃത്തുക്കൾ തിരിച്ചറിഞ്ഞതായി അവകാശപ്പെട്ടെങ്കിലും ബന്ധുക്കൾ സ്ഥിരീകരിച്ചിട്ടില്ല. മുങ്ങൽ വിദഗ്ധരുമായി െഎ.എൻ.എസ് മകർ, സ്കാനിങ് സംവിധാനമുള്ള െഎഎൻ.എസ് തരസ കപ്പലുകളാണ് ശനിയാഴ്ച തിരച്ചിലാരംഭിച്ചത്. തിരച്ചിലിെൻറ ദൂരപരിധിയും വർധിപ്പിച്ചു. റായ്ഗഡ്, അലിബാഗ് എന്നീ തീരങ്ങളിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.