ഡ്യൂപ്ലിക്കേറ്റ് മൊബൈല്‍ സിം വഴി ബാങ്കിങ് തട്ടിപ്പ്: മുംബൈ സ്വദേശിനി അറസ്റ്റില്‍
text_fieldsതൃശൂർ: ഡ്യൂപ്ലിക്കേറ്റ് മൊബൈല്‍ സിം വഴി ബാങ്കിങ് തട്ടിപ്പ് നടത്തുന്ന മുംബൈക്കാരി അറസ്റ്റില്‍.
വ്യാജരേഖകള്‍ ചമച്ച് ഉപഭോക്താവിെൻറ മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് കരസ്ഥമാക്കി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാന പ്രതി മുംബൈ ജോഗേശ്വരി ഈസ്റ്റ് ഡോ. പങ്കജ് പട്ടേല്‍ ജനത കോളനി സ്വദേശിനി നൂര്ജഹാന് അബ്ദുൽ കലാം ആസാദ് അന്‍സാരി (45) ആണ് തൃശൂര്‍ സിറ്റി സൈബര്‍ പൊലീസിെൻറ പിടിയിലായത്.
2020 ഡിസംബറിലാണ് തൃശൂരിലെ പുതുതലമുറ ബാങ്ക് ശാഖയിലെ അക്കൗണ്ടില്‍നിന്ന് 20 ലക്ഷത്തോളം രൂപ ഇവര്‍ തട്ടിയത്. തൃശൂര്‍ സ്വദേശിനിയുടെ വിലാസവും വ്യാജ ഫോട്ടോയും ഉപയോഗിച്ച് സ്വകാര്യ മൊബൈല്‍ കമ്പനിയുടെ എറണാകുളത്തെ ഔട്ട്ലെറ്റില് നിന്നാണ് തട്ടിപ്പുകാര്‍ സിം കാര്‍ഡ് സംഘടിപ്പിച്ചത്. സിം കാര്‍ഡ് സംഘടിപ്പിക്കാൻ മുംെബെയില്‍നിന്ന് വിമാനമാര്‍ഗമാണ് പ്രതി ഉള്‍പ്പെടെയുള്ള സംഘം എറണാകുളത്ത് എത്തിയത്.
തൃശൂര്‍ സ്വദേശിനിയുടേതെന്ന വിധത്തില്‍ നല്കിയ ഫോട്ടോ നൂർജഹാേൻറതാണെന്ന് അന്വേഷണസംഘം കണ്ടെത്തി. എറണാകുളത്തുനിന്ന് മുംെബെയില്‍ തിരിച്ചെത്തിയ സംഘം 15 തവണകളായി 20 ലക്ഷത്തോളം രൂപ പല ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും ബിഹാര്‍, മുംെബെ, ഡല്‍ഹി എന്നിവിടങ്ങളിലെ എ.ടി.എമ്മുകള്‍ വഴി പിന്‍വലിക്കുകയുമായിരുന്നു.
പണം നഷ്ടപ്പെട്ട സ്ത്രീ തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്. ആദിത്യക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
എറണാകുളം, നെടുമ്പാശേരി വിമാനത്താവളം എന്നിവിടങ്ങളിലെ നിരവധി സി.സി.ടി.വി കാമറ ദൃശ്യങ്ങള്‍ പരിശോധനക്ക് വിധേയമാക്കിയും സംഭവദിവസം കൊച്ചി വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ വിവരങ്ങള്‍ പരിശോധിച്ചുമാണ് കുറ്റവാളികളെക്കുറിച്ച സൂചനകള്‍ ലഭിച്ചത്.
കേരള പൊലീസ് അന്വേഷണം നടത്തുന്ന വിവരം മനസ്സിലാക്കിയ പ്രതി താമസ സ്ഥലത്ത് നിന്ന് മഹാരാഷ്ട്ര പല്‍ഗാര്‍ ജില്ലയിലെ നലസോപ്പാറയിലേക്ക് ഒളിവില്‍ പോയി. പൊലീസ് അവിടെ എത്തിയതായി അറിഞ്ഞ പ്രതി തിരികെ ജോഗേശ്വരിയില്‍ എത്തിയപ്പോഴാണ് പിന്തുടര്ന്ന് പിടികൂടിയത്.
തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ. ബ്രിജുകുമാര്‍, എസ്.ഐ സന്തോഷ്, എ.എസ്.ഐ ഫൈസല്‍, പൊലീസുദ്യോഗസ്ഥരായ വിനു കുര്യാക്കോസ്, ശ്രീകുമാര്‍, അനൂപ്, അപര്‍ണ ലവകുമാര്, നിജിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
തട്ടിപ്പുകാരുടെ പ്രവര്‍ത്തന രീതി
വലിയ തുകകള്‍ ഇടപാട് നടത്തുന്ന ബാങ്ക് അക്കൗണ്ടുകളും ഇടപാടുകാര്‍ക്ക് വരുന്ന ഇ-മെയിലുകളും ഹാക്കിങ് വഴി നിരീക്ഷിച്ച് തട്ടിപ്പ് നടത്തേണ്ട ഇരയെ കണ്ടെത്തും.
അക്കൗണ്ട് ഉടമകളുടെ മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍ വ്യാജമായി സൃഷ്ടിച്ചെടുക്കുകയോ ഉപഭോക്താക്കള്‍ അറിഞ്ഞോ അറിയാതെയോ സമൂഹമാധ്യമങ്ങളിലോ വെബ് സൈറ്റുകളിലോ പങ്കിട്ട രേഖകള്‍ തട്ടിയെടുക്കുകയോ ചെയ്യുന്നു. ഇടപാടുകാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറുകളുടെ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡുകള്‍ മൊബൈല്‍ ഫോണ്‍ ഔട്ട്ലെറ്റുകള് വഴി കരസ്ഥമാക്കുന്നു.
അക്കൗണ്ടുകള്‍ ലിങ്ക് ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കരസ്ഥമാക്കുന്നതോടെ ഇൻറര്‍നെറ്റ് ബാങ്കിങ് പാസ്വേഡുകള് മാറ്റാന്‍ സാധിക്കും. അതുവഴി പണം പിന്‍വലിക്കാൻ സാധിക്കും.
പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ്
ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെടുത്തിയ മൊബൈല്‍ നമ്പറുകള്‍ പ്രവര്‍ത്തനരഹിതമായാല്‍ എന്തു കാരണം കൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന് മനസ്സിലാക്കണം. ഉടൻ മൊബൈല്‍ ഓപറേറ്ററെ ബന്ധപ്പെടുക.
തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പുകള്‍ അറിഞ്ഞോ അറിയാതെയോ സമൂഹ മാധ്യമങ്ങള്‍, മറ്റ് തരത്തിലുള്ള സേവനം നല്കുന്ന വെബ് സൈറ്റുകള്‍ എന്നിവിടങ്ങളില്‍ പങ്കിടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.
ഇ-മെയില്‍, സമൂഹ മാധ്യമങ്ങള്‍, ഇൻറര്‍നെറ്റ് ബാങ്കിങ് എന്നിവക്ക് കൂടുതല്‍ സുരക്ഷിതവും മെച്ചപ്പെട്ടതുമായ പാസ് വേഡ് നല്‍കുക. പാസ് വേഡുകള്‍ നിർദിഷ്ട ഇടവേളകളില്‍ മാറ്റുക. എളുപ്പത്തില്‍ ഊഹിച്ചെടുക്കാന്‍ കഴിയുന്ന പാസ് വേഡുകള്‍ ഉപയോഗിക്കാതിരിക്കുക. പാസ് വേഡുകളും ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയവ സ്മാര്‍ട്ട് ഫോണ്‍ കോണ്ടാക്ട് ലിസ്റ്റില്‍ രേഖപ്പെടുത്തി വെക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.