മുനമ്പം: സാദിഖലി തങ്ങളുടെ ഇടപെടലിനെ പ്രശംസിച്ച് കര്‍ദിനാള്‍ മാര്‍ ക്ലിമിസ്
text_fieldsമലപ്പുറം: മതസൗഹാര്‍ദത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശവുമായി കേരള കത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ക്ലിമിസ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തി. സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, റശീദലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
വെള്ളിയാഴ്ച മലപ്പുറത്ത് വിവിധ പരിപാടികള്‍ക്കായി എത്തിയതായിരുന്നു കര്‍ദിനാള്‍. ഒരു മണിക്കുറോളം അദ്ദേഹം പാണക്കാട് ചെലവഴിച്ചു. സംസ്ഥാനത്തെ പ്രബല ന്യൂനപക്ഷങ്ങള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും അടയാളപ്പെടുത്തലായി കൂടിക്കാഴ്ച മാറി.
മതസൗഹാർദം ഊട്ടിയുറപ്പിക്കാന്‍ സാദിഖലി തങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ദിനാള്‍ എല്ലാ പിന്തുണയും അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ സമുദായങ്ങള്‍ തമ്മിള്‍ സൗഹാര്‍ദ്ദത്തോടെയും ഒത്തിണക്കത്തോടെയും മുന്നോട്ട് പോകണമെന്ന് അദ്ദേഹം പറഞ്ഞു.
മുനമ്പം അടക്കമുള്ള പ്രശ്‌നങ്ങള്‍ സമുദായങ്ങള്‍ തമ്മിലുള്ള വെറുപ്പിന് അഗ്നിയാക്കാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ അതിനെ അണച്ചുകളഞ്ഞ സാദിഖലി തങ്ങളുടെ ഇടപെടലിനെ അദ്ദേഹം അഭിനന്ദിച്ചു. മാനവസൗഹാര്‍ദ്ദം നിലനില്‍ക്കാന്‍ ഇനിയും ഇത്തരം ഇടപെടലുണ്ടാകണമെന്ന് കര്‍ദിനാള്‍ മാര്‍ ക്ലിമിസ് പറഞ്ഞു.
സാദിഖലി തങ്ങളെയും പി.കെ കുഞ്ഞാലിക്കുട്ടിയെയും കര്‍ദിനാള്‍ സഭാ ആസ്ഥാനത്തേക്ക് ക്ഷണിച്ചു. ഒന്നിച്ച് ഉച്ചഭക്ഷണവും കഴിച്ചാണ് കര്‍ദിനാള്‍ പാണക്കാട് നിന്നും മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.