മുനമ്പം കേസ്: തീരുമാനം നീളും, ട്രൈബ്യൂണൽ കേസ് മേയ് 27ലേക്ക് മാറ്റി
text_fieldsകോഴിക്കോട്: മുനമ്പം ഭൂമി വഖഫ് സ്വത്താണോയെന്ന് പരിശോധിച്ചുള്ള കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ ഉത്തരവ് വൈകും. ഇത് വഖഫ് ഭൂമിയാണെന്ന വഖഫ് ബോർഡിന്റെ 2019ലെ ഉത്തരവും തുടർന്ന് സ്ഥലം വഖഫ് രജിസ്റ്ററിൽ ഉൾപ്പെടുത്താനുള്ള ബോർഡിന്റെ രണ്ടാമത്തെ ഉത്തരവും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാറൂഖ് കോളജ് മാനേജ്മെന്റ് നൽകിയ ഹരജി വഖഫ് ട്രൈബ്യൂണൽ മേയ് 27ലേക്ക് മാറ്റിവെച്ചതോടെയാണിത്. മൂന്നംഗ ട്രൈബ്യൂണൽ അധ്യക്ഷൻ ജില്ല ജഡ്ജി രാജൻ തട്ടിൽ മേയ് 19ന് സ്ഥലം മാറുന്നതും കേസിൽ അന്തിമ വിധി ട്രൈബ്യൂണൽ പറയുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈകോടതി ഉത്തരവുള്ളതും പരിഗണിച്ചാണ് വാദം കേൾക്കൽ മാറ്റിെവച്ചത്.
വാദം കേൾക്കാമെങ്കിലും അന്തിമ ഉത്തരവ് പറയരുതെന്നാണ് ഏപ്രിൽ 11ന് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ഹൈകോടതി ബെഞ്ച് ഉത്തരവിട്ടത്. ഹൈകോടതി മേയ് 26നാണ് ഇനി കേസ് പരിഗണിക്കുന്നത്. ഭൂമി വിശദമായി സർവേ ചെയ്ത് തിട്ടപ്പെടുത്താൻ അടിയന്തര അഭിഭാഷക കമീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഫാറൂഖ് കോളജിന് സ്ഥലം നൽകിയയാളുടെ ബന്ധുക്കൾ നൽകിയ ഹരജി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് കേസ് ട്രൈബ്യൂണൽ നീട്ടിെവച്ചത്. ജഡ്ജി സ്ഥലം മാറുന്നതിനു മുമ്പ് ഹരജി പെട്ടെന്ന് തീർക്കാൻ മുനമ്പം കേസിൽ ദിവസവും വാദം കേട്ടുകൊണ്ടിരിക്കെയാണ് ഹൈകോടതി വിധി പറയൽ തടഞ്ഞത്. ഹൈകോടതി ഉത്തരവ് ട്രൈബ്യൂണൽ തിങ്കളാഴ്ച പരിശോധിച്ചു.
ട്രൈബ്യൂണൽ പരിഗണിക്കുന്ന രണ്ട് കേസിൽ ഒന്നായ, വഖഫ് രജിസ്ട്രേഷൻ റദ്ദാക്കണമെന്ന കേസിൽ മാത്രമേ ഹൈകോടതി വിലക്കുള്ളൂവെന്ന് മുനമ്പം നിവാസികൾക്കായി ഹാജരായ അഡ്വ.ജോർജ് പൂന്തോട്ടം വാദിച്ചു. രണ്ടാമത്തെ കേസിൽ വാദം കേൾക്കാം. എന്നാൽ, ഒന്നിൽ മാത്രം വാദം കേൾക്കുന്നതും ഇപ്പോഴുള്ള ജഡ്ജി വാദം കേട്ട ശേഷം പുതുതായി വരുന്നയാൾ വിധി പറയുന്നതും പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കണ്ടെത്തിയാണ് ട്രൈബ്യൂണൽ കേസ് മാറ്റിയത്.
എതിർ കക്ഷികളിലൊരാളായ കൊച്ചി ചുള്ളിക്കൽ നൂർമുഹമ്മദ് സേട്ടിന്റെ മകൻ എൻ.എം. ഇർഷാദ് സേട്ട്, അഡ്വ.വി.അനസ് മുഖേനയാണ് കഴിഞ്ഞ ദിവസം അഭിഭാഷക കമീഷനെ നിയോഗിക്കാനാവശ്യപ്പെട്ട് ഹരജി നൽകിയത്. സ്ഥലം നൽകിയ സിദ്ദീഖ് സേട്ടിന്റെ ബന്ധുവാണ് ഇർഷാദ് സേട്ട്. ഇപ്പോൾ എത്ര സ്വത്ത് നിലനിൽക്കുന്നു, എത്ര കടലെടുത്തു, എത്രസ്ഥലം ഫാറൂഖ് കോളജിന്റെ കൈവശമുണ്ട്, മറ്റുള്ളവർ സ്ഥലം കൈവശംെവക്കുന്നത് ഏതെല്ലാം രേഖയുടെ അടിസ്ഥാനത്തിലാണ് എന്നിവ പരിശോധിക്കണമെന്നാണ് ആവശ്യം. ഈ ഹരജിയും മേയ് 27ന് മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.