മുനമ്പം കമീഷൻ ഹിയറിങ്ങിന് ഇന്ന് തുടക്കം
text_fieldsകൊച്ചി: മുനമ്പത്തെ വിവാദ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നം പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ ചെയർമാനായ കമീഷൻ ബന്ധപ്പെട്ട കക്ഷികളെ കേൾക്കുന്ന ഹിയറിങ്ങിന് വെള്ളിയാഴ്ച തുടക്കമാകും. ജില്ല കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10.30നാണ് ആദ്യ ഹിയറിങ്. ഫാറൂഖ് കോളജ് മാനേജ്മെന്റിനോടാണ് വെള്ളിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുള്ളത്.
ഹിയറിങ്ങിന് മുന്നോടിയായി വഖഫ് ബോർഡ്, ഫാറൂഖ് കോളജ് മാനേജ്മെന്റ്, റവന്യൂ വകുപ്പ്, വിവാദ ഭൂമിയിലെ താമസക്കാരുടെ പ്രതിനിധികൾ എന്നിവർക്ക് രേഖകൾ ഹാജരാക്കാൻ കമീഷൻ നോട്ടീസ് അയച്ചിരുന്നു. തുടർന്ന് ഈ കക്ഷികളും വിവിധ സംഘടനാ പ്രതിനിധികളും കമീഷൻ ചെയർമാനെ കണ്ട് രേഖകളും നിവേദനങ്ങളും നൽകി. ഇവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹിയറിങ് ആരംഭിക്കുന്നത്. മുനമ്പത്തെ 404.76 ഏക്കർ കൈയേറ്റക്കാരിൽനിന്ന് പിടിച്ചെടുത്ത് തിരിച്ചുനൽകണമെന്നാണ് വഖഫ് ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. വഖഫ് സ്വത്താണെന്ന് അറിഞ്ഞുകൊണ്ടാണ് വൻകിടക്കാരടക്കം ഭൂമി കൈയേറിയതെന്നും ബോർഡ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, തങ്ങൾ വിലകൊടുത്ത് വാങ്ങിയ ഭൂമി സിദ്ദീഖ് സേട്ട് ഫാറൂഖ് കോളജിന് ദാനമായി നൽകിയതാണെന്ന് തെളിയിക്കാൻ ശ്രമിക്കുന്നതടക്കം രേഖകളാണ് മുനമ്പം ഭൂസംരക്ഷണ സമിതി ഭാരവാഹികൾ കമീഷന് സമർപ്പിച്ചിട്ടുള്ളത്. മുനമ്പത്തെ ഭൂമിയിൽ വഖഫ് ബോർഡിന് ഒരു അവകാശവുമില്ലെന്നും ഇഷ്ടദാനമായി കിട്ടിയ അത് വിൽക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്നും ഫാറൂഖ് കോളജ് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.
ഭൂമി കോളജിന് ഇഷ്ടദാനമായി ലഭിച്ചതല്ലെന്നും വഖഫ് ആണെന്നതിനുമുള്ള തെളിവുകളാണ് വഖഫ് സംരക്ഷണ സമിതി ഭാരവാഹികൾ കമീഷന് കൈമാറിയത്. വഖഫ് ഭൂമി ക്രയവിക്രയം നടത്തിയ കോളജ് മാനേജ്മെന്റിന്റെ നടപടി അന്വേഷിക്കണമെന്നും ഭൂമി വാങ്ങി കബളിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്നും ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂമി വഖഫ് ചെയ്തതാണെന്ന് സ്ഥാപിക്കുന്ന രേഖകളും കോടതി ഉത്തരവുകളുമാണ് സാമൂഹികനീതി സംരക്ഷണ പ്രസ്ഥാനത്തിന്റെ ഭാരവാഹികൾ സമർപ്പിച്ചിട്ടുള്ളത്. കൈയേറ്റക്കാരെ ഒഴിപ്പിച്ച് ഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.എൻ.എല്ലും പി.ഡി.പിയും കമീഷന് നിവേദനം നൽകിയിട്ടുണ്ട്.
ഹിയറിങ് നടപടികൾ ജനുവരിയിൽതന്നെ പൂർത്തിയാക്കി അടുത്തമാസം സർക്കാറിന് വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ നായർ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.