മുനമ്പം ഭൂമി തിരിച്ചുകിട്ടണമെന്ന് വഖഫ് ബോർഡ്
text_fieldsകൊച്ചി: മുനമ്പത്തെ 404.76 ഏക്കർ ഭൂമി കൈയേറ്റക്കാരിൽനിന്ന് പിടിച്ചെടുത്ത് തങ്ങൾക്ക് തിരിച്ചുനൽകണമെന്ന് കമീഷന് മുന്നിൽ സംസ്ഥാന വഖഫ് ബോർഡ്. മുനമ്പം ഭൂമി പ്രശ്നം പരിഹരിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ ചെയർമാനായ കമീഷന് മുന്നിൽ തിങ്കളാഴ്ചയാണ് ബോർഡ് നിലപാട് വ്യക്തമാക്കിയത്. വഖഫ് സ്വത്താണെന്ന് അറിഞ്ഞാണ് ഭൂമി കൈയേറിയതെന്ന് ബോർഡ് ചൂണ്ടിക്കാട്ടി.
നിയമവിരുദ്ധമായി തയാറാക്കിയ ആധാരങ്ങൾ സാധുതയില്ലാത്തവയാണ്. സത്യസന്ധമായി ഭൂമി ഇടപാട് നടത്തിയവരായി മുനമ്പത്തെ വൻകിടക്കാരെ കാണാനാവില്ല. സർവേ നടത്തണം. അവകാശവാദം തെളിയിക്കുന്ന നിരവധി രേഖകൾ ഇവർ ഹാജരാക്കി. കമീഷൻ നിർദേശപ്രകാരം ഫാറൂഖ് കോളജ് മാനേജ്മെന്‍റും മുനമ്പം ഭൂമിയിലെ താമസക്കാരുടെ പ്രതിനിധികളും മുമ്പ് രേഖകൾ ഹാജരാക്കിയിരുന്നു. വഖഫ് ബോർഡ് കൂടി മറുപടി നൽകിയ സാഹചര്യത്തിൽ ജനുവരി 10നുശേഷം കലക്ടറേറ്റിൽ വിശദമായ തെളിവെടുപ്പ് ആരംഭിക്കാനാണ് കമീഷൻ തീരുമാനം. അതേസമയം, കഴിഞ്ഞദിവസം മുനമ്പം സന്ദർശിച്ച കമീഷൻ ചെയർമാൻ സമരപ്പന്തലിൽ നടത്തിയ ചില പരാമർശങ്ങളിൽ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ഒരു കോടതിയും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് പറയുകയോ അന്തിമ തീരുമാനമാകുകയോ ചെയ്തിട്ടില്ലെന്നാണ് രാമചന്ദ്രൻ നായർ പ്രസ്താവിച്ചത്. എന്നാൽ, മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നോ അല്ലെന്നോ ഒരു കോടതിയും ഇതുവരെ അന്തിമമായി തീർപ്പുകൽപിച്ചിട്ടില്ല എന്നാണ് താൻ പറഞ്ഞതെന്നായിരുന്നു ചെയർമാന്‍റെ പിന്നീടുള്ള വിശദീകരണം.
മുനമ്പത്തെ ഭൂമി വഖഫ് ആണോ അല്ലയോ എന്ന് തീരുമാനിക്കാനല്ല കമീഷനെ നിയോഗിച്ചതെന്നിരിക്കെ വഖഫ് ഭൂമി അല്ലെന്ന ചെയർമാന്‍റെ ഏകപക്ഷീയ പ്രഖ്യാപനം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണെന്നാണ് വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.