മുനമ്പം: പരസ്യപ്രസ്താവന വിലക്കി മുസ്ലിംലീഗ്
text_fieldsമലപ്പുറം: മുനമ്പം വിഷയത്തില്‍ മുസ്ലിം ലീഗ് നിലപാട് ആദ്യമേ പറഞ്ഞിട്ടുണ്ടെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. അതുതന്നെയാണ് നിലപാട്. അതല്ലാത്ത മറ്റ് അഭിപ്രായങ്ങളൊന്നും ലീഗിന്റെ നിലപാടല്ല. ഇനി ഈ വിഷയത്തില്‍ നേതാക്കളുടെ പ്രതികരണം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക സൗഹാര്‍ദം നിലനിര്‍ത്തുകയാണ് ലീഗിന്റെ നയമെന്ന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുനമ്പം വിഷയത്തിലും അതുതന്നെയാണ് നയം. വിഷയം യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യും.
മുനമ്പത്ത് ആളുകള്‍ കുടിയൊഴിപ്പിക്കപ്പെടരുതെന്നാണ് നിലപാട്. വിഷയം സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുനമ്പം വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവന തള്ളിയ കെ.എം. ഷാജിയെ പി.കെ. കുഞ്ഞാലിക്കുട്ടി പരോക്ഷമായി വിമര്‍ശിച്ചു. ആരും പാര്‍ട്ടിയാകാന്‍ നോക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടതുപക്ഷവും ബി.ജെ.പിയും സാമുദായിക സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ ആരും പോയി വിവാദമുണ്ടാക്കേണ്ട. ബി.ജെ.പിയും സി.പി.എമ്മും സാമുദായിക ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. മുനമ്പം ചെറിയ വിഷയമായി ലീഗ് കരുതുന്നില്ല. റോമിലെത്തി പോപ്പിനെ കണ്ടതാണെന്നും ലീഗ് സ്വീകരിക്കുന്ന നിലപാട് ഇതില്‍നിന്ന് വ്യക്തമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ഭിന്നിപ്പുണ്ടാക്കുന്ന പ്രതികരണങ്ങൾ പാടില്ല - കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുനമ്പം വഖഫ് ഭൂമിയല്ലെന്ന് മുസ്ലിം സംഘടനകളുടെ യോഗത്തിൽ ആരും പറഞ്ഞിട്ടില്ലെന്നും കുടിയൊഴിപ്പിക്കുന്നത് സംബന്ധിച്ചാണ് ചർച്ചയെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന തരത്തിലുള്ള പരസ്യപ്രതികരണത്തിലേക്ക് പോകരുതെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
വഖഫ് ഭൂമിയാണോ അല്ലയോ എന്നത് സംബന്ധിച്ച് സർക്കാർ ഒരു കമീഷനെ നിയോഗിച്ചിട്ടുണ്ട്. അവരാണ് തീരുമാനം എടുക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മുസ്ലിം ലീഗിന് ആശയക്കുഴപ്പമില്ല -സാദിഖലി തങ്ങൾ
മലപ്പുറം: മുനമ്പം വിഷയത്തിൽ മുസ്ലിം ലീഗിന് ആശയക്കുഴപ്പമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുനമ്പത്ത് താമസിക്കുന്നവരെ കുടിയൊഴിപ്പിക്കരുതെന്നാണ് ലീഗ് നിലപാട്. പ്രശ്നം രമ്യമായി പരിഹരിക്കാൻ സംസ്ഥാന സർക്കാറാണ് മുന്നിട്ടിറങ്ങേണ്ടത്. ഇതിന് സർക്കാറിനെ ചുമതലപ്പെടുത്തുകയാണ് മുസ്ലിം സംഘടനകൾ ചെയ്തത്. ആ നിലപാടിൽനിന്ന് മുസ്ലിം സംഘടനകൾ പിന്നോട്ട് പോയിട്ടില്ല.
മുസ്ലിം സംഘടനകളുടെ നിലപാട് ബിഷപ്പുമാരെ അറിയിച്ചിട്ടുണ്ട്. ആശ്വാസമായ പ്രതികരണമാണ് അവർ നടത്തിയത്. സർക്കാർ നടപടികൾ വൈകുന്നതിനാലാണ് അനാവശ്യ പരാമർശങ്ങൾ പലരിൽനിന്നുമുയരുന്നത്. ജുഡീഷ്യൽ അന്വേഷണം പൂർത്തിയാക്കാനുള്ള ക്രമീകരണങ്ങൾ സർക്കാർ ചെയ്യണം. കെ.എം. ഷാജിയുടെ പ്രസംഗത്തെക്കുറിച്ചും സാദിഖലി തങ്ങൾ പ്രതികരിച്ചു. പ്രസംഗിക്കുമ്പോൾ ഓരോരുത്തരും ഓരോ ശൈലി സ്വീകരിക്കുമെന്നും അത് ലീഗ് കാര്യമാക്കുന്നില്ലെന്നും പാർട്ടിക്ക് ഒറ്റ അഭിപ്രായമാണെന്നും തങ്ങൾ വ്യക്തമാക്കി.
മുനമ്പം വഖഫ് ഭൂമി തന്നെ -ഇ.ടി.
ന്യൂഡൽഹി: മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്നും വഖഫ് അല്ലെന്ന വാദം തെറ്റാണെന്നും മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. വി.എസ്. അച്യുതാനന്ദൻ സര്‍ക്കാറിന്റെ കാലത്ത് നിയോഗിച്ച ജസ്റ്റിസ് നിസാര്‍ കമീഷന് ഈ സ്വത്ത് വഖഫ് സ്വത്താണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അവിടത്തെ താമസക്കാരുടേത് മാനുഷിക പ്രശ്നമാണ്.
സംഘ്പരിവാർ കെണിയിൽ വീഴരുത് -വി.ഡി. സതീശൻ
ശബരിമല: മുനമ്പം വിഷയത്തിൽ സംഘ്പരിവാറിന്റെ കെണിയിൽ വീഴരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വഖഫ് ബിൽ നടപ്പായാൽ സംഭലിൽ ഉൾപ്പെടെ പ്രശ്നങ്ങൾ ഉണ്ടാവും. മുസ്ലിംലീഗ് നേതൃത്വം ഉൾപ്പെടെ എല്ലാവരുമായി കൂടിയാലോചിച്ച ശേഷമാണ് താൻ അഭിപ്രായം പറയുന്നതെന്നും ശബരിമല ദർശനശേഷം സന്നിധാനം ദേവസ്വം ഗെസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.