മുനമ്പം ഭൂമി വിശദമായി സർവേ ചെയ്ത് തിട്ടപ്പെടുത്താൻ കമീഷനെ നിയമിക്കണം -സ്ഥലം നൽകിയയാളുടെ ബന്ധുക്കളുടെ ഹരജി
text_fieldsകോഴിക്കോട്: മുനമ്പം വഖഫ് ഭൂമി കേസില് ഭൂമി വിശദമായി സർവേ ചെയ്ത് തിട്ടപ്പെടുത്താൻ അടിയന്തര അഭിഭാഷക കമീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഫാറൂഖ് കോളജിന് സ്ഥലം നൽകിയയാളുടെ ബന്ധുക്കൾ ഹരജി നൽകി. വഖഫ് ജഡ്ജി രാജന് തട്ടിൽ ഉൾപ്പെട്ട മൂന്നംഗ വഖഫ് ട്രൈബ്യൂണൽ മുമ്പാകെയാണ് ഹരജി. കേസ് വീണ്ടും പരിഗണിക്കുന്ന ഏപ്രിൽ 21ന് ട്രൈബ്യൂണൽ ഹരജി പരിഗണിക്കും.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന ബോർഡിന്റെ 2019ലെ ഉത്തരവും തുടർന്ന് സ്ഥലം വഖഫ് രജിസ്റ്ററിൽ ഉൾപ്പെടുത്താനുള്ള രണ്ടാമത്തെ ഉത്തരവും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാറൂഖ് കോളജ് മാനേജ്മെന്റ് നൽകിയ ഹരജിയിലുള്ള വാദം കേൾക്കലിനിടെയാണ് എതിർകക്ഷികളിലൊരാളായ കൊച്ചി ചുള്ളിക്കൽ നൂർ മുഹമ്മദ് സേട്ടിന്റെ മകൻ എൻ.എം. ഇർഷാദ് സേട്ട് ഹരജി നൽകിയത്. സ്ഥലം നൽകിയ സിദ്ദീഖ് സേട്ടിന്റെ ബന്ധുവാണ് ഇർഷാദ് സേട്ട്.
ഇപ്പോൾ എത്ര സ്വത്ത് നിലനിൽക്കുന്നു, എത്ര കടലെടുത്തു, എത്ര സ്ഥലം ഫാറൂഖ് കോളജിന്റെ കൈവശമുണ്ട്, മറ്റുള്ളവർ സ്ഥലം കൈവശംെവക്കുന്നത് ഏതെല്ലാം രേഖയുടെ അടിസ്ഥാനത്തിലാണ് എന്നിവ പരിശോധിക്കണമെന്നാണ് ആവശ്യം. താമസക്കാർ കുടികിടപ്പുകാരാണോ, അനധികൃത താമസക്കാരാണോ എന്ന് കണ്ടെത്തണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. കേസിന്റെ മുഖ്യ വാദംകേൾക്കലിന് മുമ്പേ അഭിഭാഷകരുമായുള്ള സംശയനിവാരണമാണ് ട്രൈബ്യൂണൽ മുമ്പാകെ ഇപ്പോൾ നടക്കുന്നത്. 1950ലെ വഖഫായതിനാൽ അതിന് മുമ്പുള്ള മുഹമ്മദൻ ലോ പ്രകാരമുള്ള എന്തെല്ലാം കാര്യങ്ങൾ കേസിനെ ബാധിക്കുമെന്ന കാര്യത്തിലാണ് വെള്ളിയാഴ്ച വാദം നടന്നത്. വഖഫ് ആധാരത്തിൽ എന്ത് പറഞ്ഞാലും വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ ഭൂമി കൈമാറ്റം ചെയ്യാൻ പാടില്ലെന്ന വഖഫ് നിയമ ഭേദഗതിയിൽ 36 എ വകുപ്പ് മുനമ്പം കേസിനെ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ചും വാദം നടന്നു. വഖഫ് എന്ന നിലയിൽ മുതവല്ലിയായ ഫാറൂഖ് കോളജ് ബോർഡിൽ രജിസ്റ്റർ ചെയ്യാത്തതിനാലാണ് വഖഫ് ബോർഡ് സ്വമേധയാ മുനമ്പം ഭൂമി വഖഫായി പ്രഖ്യാപിച്ചതെന്ന് ബോർഡിനു വേണ്ടി ഹാജരായ അഡ്വ. കെ.എം. മുഹമ്മദ് ഇഖ്ബാൽ വാദിച്ചു.
മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട ആധാരത്തിൽ ഏത് നിയമമാണ് ബാധകമാവുകയെന്നതിലും വാദം കേട്ടു. ക്രയവിക്രയ അധികാരം ആധാരത്തിൽ എഴുതിയാലും വഖഫ് ഭേദഗതി പ്രകാരം വഖഫ് ബോർഡിന്റെ അനുമതിയില്ലാതെ വിൽപന പാടില്ലെന്നാണ് ബോർഡിന്റെ വാദം. മാധ്യമങ്ങളെ അകറ്റിനിർത്തില്ലെന്നും നടക്കുന്ന കാര്യങ്ങൾ പുറത്തറിയണമെന്നും വാദം കേൾക്കുന്നതിനിടെ ജഡ്ജി രാജന് തട്ടിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.