മുനമ്പം: സർക്കാറിനെതിരെ കാന്തപുരം വിഭാഗം നേതാവ്; 'സത്യാവസ്ഥ സർക്കാർ തുറന്നു പറയണം, വൈകുന്ന ഓരോ മണിക്കൂറിനും വലിയ വില നൽകേണ്ടി വരും'
text_fieldsകോഴിക്കോട്: മുനമ്പം വിഷയത്തിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം വിഭാഗം എസ്.വൈ.എസ് നേതാവ് മുഹമ്മദലി കിനാലൂർ. സംഘികൾക്കും കൃസംഘികൾക്കും രാഷ്ട്രീയ മുതലെടുപ്പിനും വർഗീയ പ്രചാരണത്തിനും ആവോളം സമയം നൽകിയിട്ട് പിന്നീട് വന്നു സത്യാവസ്ഥ പറയുന്നതിൽ കാര്യമില്ലെന്നും വൈകുന്ന ഓരോ മണിക്കൂറിനും സംസ്ഥാനം വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
സംഘികളും കൃസംഘികളും ചില മാധ്യമങ്ങളും പറയുന്നത് പോലെ അവിടത്തെ താമസക്കാരായ ഒരാൾക്കും വഖഫ് ബോർഡ് നോട്ടീസ് നൽകുകയോ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ഇക്കാര്യം തുറന്നു പറയാൻ സർക്കാരും വഖഫ് മന്ത്രിയും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മുനമ്പത്ത് വഖഫ് ഭൂമിയിൽ 600 ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട് എന്നാണ് കണക്ക്. അവരിൽ ഒരാൾക്ക് പോലും വഖഫ് ബോർഡ് നോട്ടീസ് നൽകുക പോലും ചെയ്തിട്ടില്ല. കൂടുതൽ ഭൂമി കയ്യേറി അനധികൃതമായി കെട്ടിടം നിർമിച്ച 12 സ്ഥാപനങ്ങൾക്കാണ് സംസ്ഥാന വഖഫ് ബോർഡ് സി ഇ ഒ നോട്ടീസ് നൽകിയത്. അഥവാ അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയ റിസോർട് ഉടമകൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഭൂമിയുടെ അവകാശം സ്ഥാപിക്കാനുള്ള രേഖകളുമായി ഹാജരാകണം എന്ന നോട്ടീസ് ആണ് സി ഇ ഒ നൽകിയത്. അല്ലാതെ സംഘികളും കൃസംഘികളും ചില മാധ്യമങ്ങളും പറയുന്നത് പോലെ അവിടത്തെ താമസക്കാരായ ഒരാൾക്കും നോട്ടീസ് നൽകുകയോ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല.
നോട്ടീസ് നൽകിയ 12 സ്ഥാപനങ്ങളിൽ മിക്കവരും ബോർഡ് മുമ്പാകെ ഹാജരാകുകയോ ഭൂമിക്ക് മേൽ അവകാശം സ്ഥാപിക്കാൻ മതിയായ രേഖകൾ സമർപ്പിക്കുകയോ ചെയ്തിട്ടില്ല. അനധികൃത കയ്യേറ്റം എന്ന് വഖഫ് ബോർഡ് അന്വേഷിച്ചു ബോധ്യപ്പെട്ടവർക്കാണ് നോട്ടീസ് നൽകിയത്. അല്ലാതെ ഭൂമി പണം കൊടുത്തു വാങ്ങിയ ഒരു കുടുംബത്തിനും നോട്ടീസ് നൽകിയിട്ടില്ല. അതുകൊണ്ടു തന്നെ ഇപ്പോൾ നടക്കുന്ന സമരം പാവപ്പെട്ട കുടുംബങ്ങൾക്ക് വേണ്ടി ആണെന്ന് കരുതാൻ നിർവാഹമില്ല. ആ കുടുംബങ്ങളുടെ ആവശ്യം ന്യായമാണ് എന്ന് അംഗീകരിക്കുമ്പോൾ തന്നെ ഇപ്പോഴത്തെ സമരം ആർക്ക് വേണ്ടിയാണ് എന്ന ചോദ്യം ഉയരുന്നുണ്ട്.
കുടുംബങ്ങളെ ആരോ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതാണ്. ഈ കുടുംബങ്ങൾക്ക് നോട്ടീസ് നൽകുക പോലും ചെയ്തിട്ടില്ലെന്നും നോട്ടീസ് നൽകിയ 12 സ്ഥാപനങ്ങൾക്ക് മതിയായ രേഖ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും തുറന്നു പറയാൻ സർക്കാരും വഖഫ് മന്ത്രിയും തയ്യാറാകണം. സംഘികൾക്കും കൃസംഘികൾക്കും രാഷ്ട്രീയ മുതലെടുപ്പിനും വർഗീയ പ്രചാരണത്തിനും ആവോളം സമയം നൽകിയിട്ട് പിന്നീട് വന്നു സത്യാവസ്ഥ പറയുന്നതിൽ കാര്യമില്ല. വൈകുന്ന ഓരോ മണിക്കൂറിനും സംസ്ഥാനം വലിയ വില നൽകേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.