മുനമ്പത്ത് ജുഡീഷ്യൽ കമീഷൻ; ഭൂമിയുടെ മുഴുവൻ രേഖകളും പരിശോധിക്കും, ആരെയും കുടിയൊഴിപ്പിക്കില്ല
text_fieldsതിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്നപരിഹാരത്തിന് ഹൈകോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമീഷനായി നിയമിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം.
ഭൂമി കൈവശമുള്ള അർഹരായ മുഴുവൻ ആളുകളുടെയും നിയമപരമായ അവകാശങ്ങൾ എങ്ങനെ സംരക്ഷിക്കാൻ കഴിയുമെന്നത് സംബന്ധിച്ച് കമീഷൻ പഠിച്ച് മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകണം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ തുടർനപടികൾ സ്വീകരിക്കുമെന്ന് യോഗ തീരുമാനങ്ങൾ വിശദീകരിച്ച് മന്ത്രിമാരായ പി. രാജീവ്, കെ. രാജൻ, വി. അബ്ദുറഹിമാൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മുനമ്പം ഭൂമിയിൽ താമസിക്കുന്ന അർഹരായ, കൈവശാവകാശമുള്ള ഒരാളെയും ഒഴിപ്പിക്കാൻ പാടില്ലെന്നും യോഗം തീരുമാനിച്ചു. അവരുടെ നിയമപരമായ അവകാശം സംരക്ഷിക്കപ്പെടും. പ്രശ്നത്തിൽ തീരുമാനമാകുന്നതുവരെ ഒഴിപ്പിക്കൽ നോട്ടീസ് നൽകരുതെന്നും നൽകിയ നോട്ടീസിൽ തുടർനടപടി പാടില്ലെന്നും വഖഫ് ബോർഡിനോട് യോഗം അഭ്യർഥിക്കുകയും ബോർഡ് അംഗീകരിക്കുകയും ചെയ്തതായും മന്ത്രിമാർ പറഞ്ഞു.
കൈവശക്കാർക്ക് ഭൂമിയുടെ കരം അടയ്ക്കുന്നതിന് നിലവിലുള്ള സ്റ്റേ നീക്കാൻ ഹൈകോടതിയിൽ സഹായകരമായ നിലപാട് സർക്കാർ സ്വീകരിക്കും. ഇതുസംബന്ധിച്ച് നിലവിലുള്ള കേസിൽ പുനഃപരിശോധന ഹരജി സമർപ്പിക്കും. തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ സമരത്തിലുള്ള താമസക്കാരുമായി മുഖ്യമന്ത്രി ചർച്ച നടത്തും.
ഭൂമി സംബന്ധിച്ച് നിലനിൽക്കുന്ന സങ്കീർണമായ പ്രശ്നങ്ങളുണ്ട്. ഇക്കാര്യത്തിൽ തീരുമാനമെടുക്കുമ്പോൾ ഭാവിയിൽ നിയമപരമായി ചോദ്യംചെയ്യപ്പെടാനോ അവകാശം നഷ്ടപ്പെടാനോ പാടില്ല.
അതുകൊണ്ട് ഭൂമി കൈവശമുള്ള അർഹരായ മുഴുവൻ ആളുകളുടെയും നിയമപരമായ അവകാശങ്ങൾ എങ്ങനെ സംരക്ഷിക്കാൻ കഴിയുമെന്ന് പരിശോധിക്കാനാണ് കമീഷനെ നിയമിക്കുന്നതെന്നും മന്ത്രിമാർ വിശദീകരിച്ചു. ഭൂമി സംബന്ധിച്ച് ഒമ്പത് കേസുകൾ ഹൈകോടതിയിലും രണ്ട് കേസുകൾ വഖഫ് ട്രൈബ്യൂണലിലുമുണ്ട്.
നിയമപരമായ പരിശോധന നടത്താതെ പ്രഖ്യാപനം നടത്തി പിന്നീട് പുതിയ പ്രശ്നം വന്നാൽ താമസക്കാർ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും മന്ത്രിമാർ പറഞ്ഞു. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, അഡ്വക്കറ്റ് ജനറൽ അഡ്വ.കെ. ഗോപാലകൃഷ്ണക്കുറുപ്പ്, വഖഫ് ബോർഡ് ചെയർമാൻ അഡ്വ.എം.കെ. സക്കീർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.