മുനമ്പം വഖഫ് ഭൂമി: ആക്ഷേപങ്ങളും അഭിപ്രായങ്ങളും കമീഷന് സമര്‍പ്പിക്കാം
text_fieldsകൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ബന്ധപ്പെട്ട കക്ഷികളിൽനിന്ന് സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമീഷൻ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചു. ഉടമസ്ഥത സംബന്ധിച്ച് ശാശ്വത പരിഹാരം കണ്ടെത്തി, സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ കമീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരം നിയോഗിക്കപ്പെട്ട ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമീഷൻ മുമ്പാകെയാണ് ഇവ സമർപ്പിക്കേണ്ടത്.
ആക്ഷേപങ്ങള്‍, പരാതികള്‍, അഭിപ്രായങ്ങള്‍, നിര്‍ദേശങ്ങള്‍ തുടങ്ങിയവ തപാല്‍മുഖേനയും പ്രവൃത്തിദിനങ്ങളില്‍ കാക്കനാട് ഓഫിസില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ നേരിട്ടും സമര്‍പ്പിക്കാം. തപാല്‍ വിലാസം - 1 ബി, ഭവാനി, കുന്നുംപുറം, കാക്കനാട്, പിന്‍-682030.
ഒരാഴ്ച മുന്നെയാണ് ജുഡീഷ്യൽ കമീഷനെ നിയോഗിച്ച് സർക്കാർ വിജ്ഞാപനമിറക്കിയത്. മൂന്നുമാസത്തിനുള്ളിൽ ഇവർ റിപ്പോർട്ട് സമർപ്പിക്കണം. ഇതിനായി ജുഡിഷ്യൽ കമ്മീഷന് വിവര ശേഖരണത്തിന് കൊച്ചി താലൂക്ക് ജൂനിയർ സൂപ്രണ്ട് ജോസഫ് ആന്റണി ഹെർട്ടിസിനെ നോഡൽ ഓഫിസറായി ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചിരുന്നു. ഇവർ ഈ മാസം 17നകം വിവരങ്ങൾ കൈമാറണം.
രാജഭരണമുണ്ടായിരുന്ന ഭൂമിയുടെ നിലവിലെ അവസ്ഥ, താമസക്കാരുടെ അവകാശങ്ങൾ എങ്ങനെ സംരക്ഷിക്കാം, സർക്കാർ സ്വീകരിക്കേണ്ട നടപടികൾ എന്നിങ്ങനെ മൂന്ന് വിഷയങ്ങളാണ് കമീഷൻ പരിഗണിക്കുക.
അതേസമയം, മുനമ്പം ഒരു പ്രത്യേക വിഷയമായി സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. കാലങ്ങളായി ഇവിടെ താമസിക്കുന്ന ആളുകൾ ഒഴിഞ്ഞുപോകേണ്ടി വരുമോ എന്ന ആശങ്കയിലാണ് ജനങ്ങളെന്നും അവരുടെ സംരക്ഷണം സർക്കാർ ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ‘ആരെയും ഒഴിപ്പിക്കില്ല എന്നാണ് സർക്കാർ നയം. നിയമപരമായ നിലപാട് മാത്രമേ സർക്കാരിന് സ്വീകരിക്കാൻ കഴിയൂ, അത് സർക്കാർ പരിശോധിക്കും. നിയമോപദേശം ലഭിക്കേണ്ടതുണ്ട്, അതിനാണ് കമ്മീഷനെ നിയമിക്കാൻ തീരുമാനിച്ചത്. മൂന്ന് മാസം കൊണ്ട് റിപ്പോർട്ട് ലഭിക്കും. സ്റ്റേ നീക്കാൻ ഹൈകോടതിയെ സമീപിക്കും. ഇക്കാര്യങ്ങൾ സമരക്കാരെ സർക്കാർ ബോധ്യപ്പെടുത്തിയിട്ടുണ്ട്’ -മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.