മുനമ്പം വഖഫ് ഭൂമി: മുസ്‍ലിം സംഘടനകളുടെ നിലപാട് സ്വാഗതാർഹം -ബിനോയ് വിശ്വം
text_fieldsനിലമ്പൂർ: മുനമ്പം വിഷയത്തിൽ രമ്യമായ പരിഹാരം കണ്ടെത്താൻ കോടതിക്കു പുറത്ത് ചർച്ചയാകാമെന്ന മുസ്‍ലിം സംഘടനകളുടെ നിലപാടിനെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്വാഗതംചെയ്തു. നിലമ്പൂരിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പത്തെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ല. ചിലർ വിഷയത്തെ വർഗീയവത്കരിക്കാൻ ശ്രമിക്കുന്നുണ്ട്. ഇത്തരം സാഹചര്യം ഒഴിവാക്കി പ്രശ്നപരിഹാരത്തിന് ഇടതുപക്ഷ സർക്കാർ മുൻഗണന നൽകും.
ബി.ജെ.പിയുടെ ആശയം വിട്ടുവന്നാൽ സന്ദീപ് വാര‍്യരെ സ്വീകരിക്കും. ബി.ജെ.പി, കോൺഗ്രസ് പാർട്ടികളുടെ നിലപാടിൽ പ്രതിഷേധിച്ച് പുറത്തു വരുന്നവരെ ഇടതുപക്ഷം സ്വീകരിക്കും. ബി.ജെ.പിയെ ശക്തമായി പ്രതിരോധിക്കുന്നത് ഇടതുപക്ഷം മാത്രമാണ്.
വയനാട്ടിലെ മത്സരം രാഷ്ട്രീയമായാണ് ഇടതുപക്ഷം കാണുന്നത്. പ്രിയങ്ക ഗാന്ധി പത്രികസമർപ്പണത്തിന് എത്തിയപ്പോൾ കെ.പി.സി.സി പ്രസിഡന്‍റിനുപോലും ഇടംനൽകാതെ പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്രക്കാണ് ഇടംനൽകിയത്. ബി.ജെ.പിയുടെ ഇലക്ടറൽ ബോണ്ടിലേക്ക് 170 കോടി രൂപ നൽകിയ ബിസിനസുകാരനാണ് റോബർട്ട് വാദ്ര. ഇത് കോൺഗ്രസ്-ബി.ജെ.പി ഡീൽ തുറന്നുകാട്ടുന്നതാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ജില്ല സെക്രട്ടറി കെ. കൃഷ്ണദാസ്, നിലമ്പൂർ സി.പി.ഐ ഏരിയ സെക്രട്ടറി എം. മുജീബ് റഹ്മാൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.