മുനമ്പം വഖഫ് സ്വത്ത് തന്നെ; റിസോർട്ട്, ഹോം സ്റ്റേ മുതലാളിമാരുടെ കൈയേറ്റം അനുവദിക്കരുത് -നാഷനൽ ലീഗ്
text_fieldsകോഴിക്കോട്: മുനമ്പത്തെ മറയാക്കി സാമുദായിക ധ്രുവീകരണവും ചേരിതിരിവുമുണ്ടാക്കാനുള്ള ശ്രമം കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് നാഷനൽ ലീഗ്. മുനമ്പത്തെ വിവാദ ഭൂമി വഖഫ് സ്വത്താണ്. അവിടെ കാലങ്ങളായി കുടിയേറിക്കഴിയുന്ന മത്സ്യത്തൊഴിലാളികളെ നിലനിർത്താൻ വഖഫ് നിയമത്തിൽ തന്നെ വ്യവസ്ഥകളുണ്ട്. അതേസമയം, വൻകിട റിസോർട്ട് മുതലാളിമാരും ഹോം സ്റ്റേ നടത്തിപ്പുകാരും നടത്തിയ കൈയേറ്റം അനുവദിക്കാൻ പാടില്ല. വഖഫ് ചട്ടങ്ങളെ മറികടന്ന് ഫാറൂഖ് കോളജ് മാനേജ്മെന്റ് ഭൂമി മറിച്ചുവിറ്റിട്ടുണ്ടെങ്കിൽ അക്കാര്യവും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം.
വഖഫുകൾക്കെതിരായ കുപ്രചാരണങ്ങൾ നേരിടാനും നിജസ്ഥിതി ജനങ്ങളെ അറിയിക്കാനുമായി നാഷനൽ ലീഗിന്‍റ നേതൃത്വത്തിൽ 22ന് വഖഫ് കാമ്പയിൻ നടത്തും. മുതലക്കുളം മൈതാനിയിൽ വൈകീട്ട് നാലിന് നടക്കുന്ന പരിപാടി സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം ഉദ്ഘാടനം ചെയ്യും. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ, ഡോ. ഹുസൈൻ മടവൂർ, ഡോ. ഐ.പി. അബ്ദുസലാം, ഒ. അബ്ദുറഹിമാൻ തുടങ്ങിയവർ സംസാരിക്കും. വാർത്തസമ്മേളനത്തിൽ പ്രഫ. എ.പി അബ്ദുൽ വഹാബ്, ഇ.പി. നാസർ കോയ, ബഷീർ ബലേരി, എൻ.കെ അബ്ദുൽ അസീസ്, സാലിഹ് ശിഹാബ്, ഒ.പി. റഷീദ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.