യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്‍റായി മുനവറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറിയായി പി.കെ. ഫിറോസും തുടരും
text_fieldsകോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കൗൺസിൽ യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ പ്രസിഡന്‍റും പി.കെ. ഫിറോസ് ജനറൽ സെക്രട്ടറിയുമായി തുടരും. പി. ഇസ്മാഈൽ വയനാടിനെ ട്രഷററായി തെരഞ്ഞെടുത്തു. അതേസമയം ടി.പി. അഷ്റഫലിയെ ഭാരവാഹിപ്പട്ടികയിൽ ഉൾപെടുത്തിയില്ല.
ടി.പി. അഷ്റഫലിയെ ട്രഷറർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഹരിത വിഷയത്തിൽ പരാതിക്കാർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിനാലാണ് പേര് വെട്ടിയതെന്നാണ് റിപ്പോർട്ടുകൾ. ഭൂരിഭാഗം ജില്ല കമ്മിറ്റികളും ട്രഷററായി അഷ്റഫലിയെ നിർദേശിച്ചിരുന്നു. എന്നാൽ പാണക്കാട് സാദിഖലി തങ്ങൾ എതിർപ്പുയർത്തി.
പുതിയ ഭാരവാഹി പട്ടികയിൽ വനിതകൾ ഇടം പിടിച്ചില്ല. മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷ്‌റഫ് ഇടനീർ, മാഹിൻ കെ.എ എന്നിവരാണ് വൈസ് പ്രസിഡന്‍റുമാർ. സീനിയർ വൈസ് പ്രസിഡൻറ് പദവി ഇല്ലാതായി. സി.കെ. മുഹമ്മദലി, അഡ്വ. നസീർ കാര്യറ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം. ജിഷാൻ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. റിട്ടേണിങ് ഓഫീസർമാരായ പി.എം.എ. സലാം, സി. മമ്മൂട്ടി എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു. ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി.കെ. ഫൈസൽ ബാബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.