എല്ലാം നഷ്ടപ്പെട്ട ശരതിന് വീട് നൽകാനായതിൽ അഭിമാനം -മുനവ്വറലി തങ്ങൾ
text_fieldsമലപ്പുറം: കഴിഞ്ഞ പ്രളയകാലത്ത് മലപ്പുറം കോട്ടക്കുന്നിലുണ്ടായ ദുരന്തത്തിൽ വീടിനൊപ്പം ഭാര്യയും കുഞ്ഞും അമ്മയും നഷ്ടപ്പെട്ട ശരത്തിന് വീട് നിർമിച്ചുനൽകാനായതിൽ അഭിമാനമുണ്ടെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും സംതൃപ്തിയും മനസ്സിൽ നിറഞ്ഞ നിമിഷമാണ് ഇത്. കഴിഞ്ഞ പ്രളയകാലത്ത് നേരിൽ കണ്ട ഏറ്റവും വലിയ ദുഃഖമായിരുന്നു ശരത്.
കോട്ടക്കുന്നിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ പ്രിയപ്പെട്ടവരെയും ആശ്രയമായിരുന്ന വീടും ദുരന്തമെടുത്ത് പോയ ശരത്തിെൻറ മുഖം ഇപ്പോഴെന്ന പോലെ ഓർമ്മയിലേക്കെത്തുന്നു. ശരത്തിനായി വീട് സാക്ഷാത്കരിക്കാൻ കഴിഞ്ഞതിൽ ആത്മഹർഷവും അഭിമാനവും തോന്നുന്നു -മുനവ്വറലി തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.
മുനവ്വറലി തങ്ങൾ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിെൻറ പൂർണരൂപം:
അന്നവിടെ സന്ദർശിക്കുമ്പോൾ മുമ്പ് അവിടെയൊരു വീടുണ്ടായിരുന്നു എന്ന് വിശ്വസിക്കാൻ പോലും കഴിയാത്ത തരത്തിൽ എല്ലാം മണ്ണിനാൽ മൂടപ്പെട്ടിരുന്നു. മറ്റൊരു വീടിെൻറ ഒരു ഭാഗത്ത് എല്ലാം തകർന്നിരിക്കുന്ന ശരതിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം കരഞ്ഞു പോയി. കരയരുതെന്ന് സമാധാനിപ്പിച്ചപ്പോൾ ഇടറിയ ശബ്ദത്തിലുള്ള ശരതിെൻറ വാക്കുകൾ, 'എന്റെ അമ്മയും എന്റെ കുഞ്ഞിന്റെ അമ്മയും ആ മണ്ണിനടിയിൽ. ഞാനെങ്ങിനെ കരയാതിരിക്കും'..
അന്ന്, ആ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ തോന്നിയ ആത്മാർത്ഥമായ ആശയമായിരുന്നു ഇത്. ദുരന്തം സംഭവിച്ചത് നമ്മുടെ കൺമുമ്പിലാണ്. ഇരയായ ആ ചെറുപ്പക്കാരന്റെയും ബാക്കിയുള്ളവരുടേയും ജീവിതം നാം ഏറ്റെടുത്തില്ലെങ്കിൽ അത് എന്നുമൊരു വിങ്ങലായി മനസ്സിൽ ബാക്കി നിൽക്കും. ഇവർക്ക് ഇനിയുള്ള കാലം അന്തിയുറങ്ങാനൊരു വീട് സാക്ഷാത്കരിക്കുക എന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടന്ന ആലോചന ഇന്ന് നിറവേറിയിരിക്കുന്നു. ആത്മഹർഷവും അഭിമാനവും തോന്നുന്ന മുഹൂർത്തം
സർവ്വശക്തന് സ്തുതി..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.