'പ്രതികളെ സംരക്ഷിക്കുന്ന പാർട്ടിയല്ല മുസ്ലിം ലീഗ്'; ഔഫിന്‍റെ വീട് മുനവ്വറലി തങ്ങൾ സന്ദർശിച്ചു
text_fieldsകാഞ്ഞങ്ങാട്: െകാല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അബ്ദുറഹ്മാൻ ഔഫിന്‍റെ വീട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശിച്ചു. ശനിയാഴ്ച രാവിലെയാണ് ഇദ്ദേഹം കല്ലൂരാവിയിലെ വീട്ടിലെത്തിയത്. വീട്ടുകാരോട് സംസാരിച്ചശേഷം അദ്ദേഹം പ്രാർഥനയിൽ പങ്കുചേർന്നു.
പ്രതികളെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും കൊലപാതകത്തെ ശക്തമായി അപലപിക്കുകയാണെന്നും മുനവ്വറലി തങ്ങൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'മുസ്ലിം ലീഗും യൂത്ത് ലീഗും ഒരിക്കലും കൊലപാതകത്തിന് അനുകൂലമല്ല. ഇത്തരം സംഭവങ്ങളെ പ്രോത്സാഹിപ്പിക്കുകയുമില്ല. ഹൈദരലി തങ്ങളുടെ നിർശേദപ്രകാരമാണ് ഇവിടെ എത്തിയത്. മരണത്തിൽ മുസ്ലിം ലീഗ് ഖേദം പ്രകടിപ്പിക്കുകയാണ്.
പ്രതികൾ മുസ്ലിം ലീഗുകാരാണെന്ന് തെളിയിക്കപ്പെട്ടാൽ അവർ പാർട്ടിയിൽ ഉണ്ടാകില്ല. ഇരകളുടെ വേദന അറിയാവുന്ന പാർട്ടിയാണിത്. പ്രതികളെ സംരക്ഷിക്കുന്ന പാരമ്പര്യം മുസ്ലിം ലീഗിനില്ല. പല കൊലപാതകങ്ങളും നടന്നപ്പോൾ ലക്ഷക്കണക്കിന് രൂപ പൊതുഖജനാവിൽനിന്ന് ചെലവഴിച്ച് പ്രതികളെ സംരക്ഷിച്ചവർ ഇവിടെയുണ്ട്.
കുടുംബത്തിന് വന്ന വേദന ഞങ്ങളുടെ കൂടി വേദനയാണ്. രാഷ്ട്രീയത്തിന്റെ പേരിൽ ആരും കൊലചെയ്യപ്പെടരുതെന്ന് ആത്മാർഥമായി പ്രാർഥിക്കുന്ന പാർട്ടിയാണ് മുസ്ലിം ലീഗ്. കുടുംബത്തിനും നാടിനുമുണ്ടായ ദുഃഖത്തിൽ പങ്കുചേരുകയാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം. അതിന് എല്ലാ പിന്തുണയും നൽകും' -മുനവ്വറലി തങ്ങൾ പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ ഉന്നത ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്ന മന്ത്രി കെ.ടി. ജലീലിന്‍റെ ആരേപാണം മുനവ്വറലി തങ്ങൾ നിഷേധിച്ചു.
യൂത്ത് ലീഗ് ജില്ല പ്രസിഡന്‍റടക്കമുള്ള നേതാക്കൾക്കൊപ്പമാണ് മുനവ്വറലി തങ്ങൾ എത്തിയത്. ഇവർ എത്തിയതോടെ നാട്ടുകാർ ചെറിയ പ്രതിഷേധവുമായി രംഗത്തെത്തി. മുനവ്വറലി തങ്ങൾ അല്ലാതെ മറ്റാരെയും വീട്ടിലേക്ക് കടത്തിവിടില്ലെന്ന് അറിയിച്ചു. വാഹനം തടഞ്ഞതോടെ നടന്നാണ് തങ്ങൾ വീട്ടിലെത്തിയത്. ശനിയാഴ്ച മന്ത്രി കെ.ടി. ജലീലും ഔഫിന്‍റെ വീട് സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.