മുണ്ടക്കൈ ചൂരല്‍മല പുനരധിവാസം; ഉദ്യോഗസ്ഥരുടെ അഭാവമില്ലെന്ന് കലക്ടർ
text_fieldsകൽപറ്റ: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ ഉദ്യോഗസ്ഥരുടെ അഭാവമില്ലെന്ന് ജില്ല കലക്ടര്‍ ഡി.ആര്. മേഘശ്രീ അറിയിച്ചു. എ.ഡി.എമ്മിന്റെയും ജൂനിയര്‍ സൂപ്രണ്ടിന്റെയും അഭാവത്തില്‍ യഥാക്രമം ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആര്), ജൂനിയര്‍ സൂപ്രണ്ട് (എം) വിഭാഗം എന്നിവര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.
ജീവനക്കാരുടെ അഭാവം പുനരധിവാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമല്ല. ദുരന്തവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് കലക്ടറേറ്റില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ദുരിത ബാധിതര്‍ക്കായി 1800-233-0221 എന്ന ടോള്‍ ഫ്രീ നമ്പറും സജ്ജമാക്കിയിട്ടുണ്ട്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് രക്ഷപ്രവര്‍ത്തനങ്ങളും ദുരന്തബാധിതരെ താൽക്കാലികമായി പുനരധിവസിപ്പിക്കുന്ന പ്രവൃത്തിയും യുദ്ധകാലാടിസ്ഥാനത്തില്‍ ജില്ല ഭരണകൂടം നടപ്പിലാക്കിയിരുന്നു.
നിലവില്‍ 773 കുടുംബങ്ങള്‍ വാടക വീടുകളിലും 64 കുടുംബങ്ങളെ സര്‍ക്കാര്‍ ക്വാട്ടേഴ്സിലുമാണ് താല്‍ക്കാലികമായി പുനരധിവസിപ്പിച്ചത്. അര്‍ഹരായവര്‍ക്കുള്ള ധനസഹായം യഥാസമയം വിതരണം ചെയ്തു വരികയാണ്. ദുരന്തബാധിര്‍ക്ക് അടിയന്തര ധനസഹായം, മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം, ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായം, മൃതദേഹം സംസ്കരിക്കുന്നതിനുള്ള സഹായം, പരിക്കേറ്റവര്‍ക്കുള്ള ധനസഹായം എന്നിവ വിതരണം ചെയ്തു.
കണ്ടെടുത്ത മൃതദേഹങ്ങള്‍, ശരീരഭാഗങ്ങള്‍ എന്നിവയുടെ ഡി.എൻ.എ സാമ്പിള്‍ ക്രോസ് ചെക്കിലൂടെ കാണാതായ വ്യക്തികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. ദുരന്തബാധിതരുടെ മാനസികാരോഗ്യം ഉറപ്പാക്കാന്‍ സൈക്കോ സോഷ്യല്‍ കൗണ്‍സിലിങ് നടത്തുന്നുണ്ട്. ദുരിതാശ്വാസ സാമഗ്രികളുടെ ശേഖരണവും വിതരണവും കാര്യക്ഷമമായി നടക്കുന്നുണ്ട്.
ഗുണഭോക്താക്കളുടെ തയാറാക്കിയ കരട് പട്ടിക പഞ്ചായത്ത് ഭരണസമിതിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ദുരന്തബാധിതര്‍ക്കായി ഉപജീവന സഹായം, പോഷക ആവശ്യകതകള്‍, നൈപുണ്യ പരിശീലനം, ആരോഗ്യം, സാമൂഹിക സുരക്ഷ, പാര്‍പ്പിടം, കൃഷി-അനുബന്ധ പ്രവര്‍ത്തനങ്ങള്‍, മൃഗസംരക്ഷണം, പ്രത്യേക വിഭാഗത്തിന്റെ ആവശ്യങ്ങള്‍ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ വിലയിരുത്തുന്നതിന് മൈക്രോ പ്ലാന്‍ സര്‍വേ നടത്തി.
ദുരിതബാധിതരുടെ വിവിധ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ തീര്‍പ്പാക്കാന്‍ ഇന്‍ഷുറന്‍സ് ടാസ്ക് ഫോഴ്സ് രൂപവത്കരിക്കുകയും യോഗങ്ങള്‍ നടത്തുകയും ക്ലെയിമുകള്‍ ഇതിനകം തീര്‍പ്പാക്കുകയും ചെയ്തു. ദുരിതബാധിതരുടെ വായ്പ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ലോണ്‍ ഡേറ്റ ക്യാമ്പ് നടത്തിയതായും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നേറുന്നതായും ജില്ല കലക്ടര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.