മുണ്ടക്കൈ-ചൂരല്‍മല: അതിവേഗം നടപടികള്‍ താല്‍ക്കാലിക പുനരധിവാസം പൂര്‍ത്തിയായി
text_fieldsതിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസം റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയായി. ആഗസ്റ്റ് 30 നകം കുറ്റമറ്റ രീതിയില്‍ താത്കാലിക പുനരധിവാസം പൂര്‍ത്തിയാക്കുമെന്ന് മന്ത്രിസഭാ ഉപസമിതി അറിയിച്ചിരുന്നു. ശനിയാഴ്ച ഉച്ചയോടെ വെള്ളരിമല സ്വദേശി എ. നാസര്‍ കൂടി മേപ്പാടിയിലെ വാടക വീട്ടിലേക്ക് മാറിയതോടെ ക്യാമ്പിലുണ്ടയിരുന്ന 728 കുടുബങ്ങള്‍ക്കും താമസിക്കാനിടമായി.
സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍, സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത വാടകവീടുകള്‍, ദുരന്തബാധിതര്‍ സ്വന്തം നിലയില്‍ കണ്ടെത്തിയ വാടകവീടുകള്‍, ബന്ധുവീടുകള്‍, സ്വന്തം വീടുകള്‍ എന്നിവിടങ്ങളിലേക്ക് 2569 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും മാറിതാമസിച്ചത്. ഇവരുടെ താമസ സ്ഥലങ്ങളില്‍ 'ബാക്ക് ടു ഹോം കിറ്റുകളും' ജില്ലാ ഭരണകൂടം എത്തിച്ചു വരികയാണ്. ഫര്‍ണിച്ചര്‍ കിറ്റ്, ഷെല്‍ട്ടര്‍ കിറ്റ്, കിച്ചണ്‍ കിറ്റ്, ക്ലീനിങ് കിറ്റ്, പേഴ്സണല്‍ ഹൈജീന്‍ കിറ്റ്, ഭക്ഷണസാമഗ്രികളുടെ കിറ്റ് എന്നിവയുള്‍പ്പെടെയാണ് ബാക്ക് ടു ഹോം കിറ്റുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ദുരന്തബാധിതരായ കുടുംബത്തിലെ തൊഴിൽരഹിതരായ ഒരാൾക്ക് പ്രതിദിനം 300 രൂപ വീതം പരമാവധി രണ്ട് പേർക്ക് പ്രതിമാസം 18,000 രൂപ ധനസഹായം നൽകും. ഇതുകൂടാതെ സര്‍ക്കാര്‍ പ്രഖ്യാപിച്ച 6000 രൂപ മാസ വാടകയും നല്‍കും. താല്‍ക്കാലികമായി പുനരധിവസിപ്പിച്ചര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ അടിയന്തരമായി പരിഹരിക്കും. അന്തിമ പുനരധിവാസം സര്‍വതല സ്പര്‍ശിയായ രീതിയിലാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ജനങ്ങള്‍ പങ്ക് വെച്ച നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാവും പുനരധിവാസ പാക്കേജിന് രൂപം നല്‍കുക.
ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പെട്ടലിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആഗസ്റ്റ് 27 മുതല്‍ അധ്യയനം തുടങ്ങും. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ജൂലൈ 30 മുതല്‍ നൂറ് കണക്കിന് കുടുംബങ്ങളെ താമസിപ്പിച്ചിരുന്നത് ഇവിടെയായിരുന്നു. താല്‍കാലിക പുനരധിവാസത്തിന്റ ഭാഗമായി മുഴുവന്‍ കുടുംബങ്ങളേയും മാറ്റി പാര്‍ച്ചിച്ചതിനെത്തുടര്‍ന്നാണ് സ്‌കൂളുകളില്‍ പഠന പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.