മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ടൗണ്‍ഷിപ്പിന് 27ന് മുഖ്യമന്ത്രി തറക്കല്ലിടും
text_fieldsതിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിക്കുന്ന രണ്ട് ടൗൺഷിപ് പദ്ധതികൾക്ക് മാർച്ച് 27ന് മുഖ്യമന്ത്രി തറക്കല്ലിടുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടി നൽകുകയായിരുന്നു മന്ത്രി.
എല്‍സ്റ്റണ്‍, നെടുമ്പാല എസ്റ്റേറ്റുകളിലാണ് ടൗൺഷിപ് പദ്ധതി പ്രഖ്യാപിച്ചത്. എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നതിൽ കോടതി ഇടപെടൽ ഇല്ലായിരുന്നെങ്കിൽ വീട് നിർമാണം ലിൻഡൽ പൂർത്തിയാകുന്ന ഘട്ടത്തിൽ എത്തുമായിരുന്നു. നിർമാണത്തിന് നിശ്ചയിച്ച തുക 30 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷം ആക്കിയിട്ടുണ്ട്. അധികം വരുന്ന തുക സർക്കാർ വഹിക്കും.
സൂക്ഷ്മമായി പരിശോധിച്ച് തയാറാക്കിയ മാതൃകാ പദ്ധതിയാണ് വയനാട്ടിൽ നടപ്പാക്കുന്നത്. ഇത് പുനരധിവാസ രംഗത്ത് പുതിയ കേരള മോഡൽ ആയിരിക്കും. ദുരന്തബാധിതരിൽ തുടർചികിത്സയോ അടിയന്തര ചികിത്സയോ ആവശ്യമായവർക്ക് ചെലവ് പൂർണമായും സർക്കാർ വഹിക്കും. ചൂരൽമലക്ക് പുതിയ ഡിസൈൻ ഉണ്ടാക്കും. വ്യാപാരി, വ്യവസായികളെയും 600ഓളം ജീപ്പ് ഡ്രൈവർമാർ ഉൾപ്പെടെയുള്ളവരെയും പുനരധിവസിപ്പിക്കും. പത്ത് ദിവസത്തിനകം ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കാനാകും.
വയനാട് വിഷയത്തിൽ രാഷ്ട്രീയമില്ല. എല്ലാവരെയും ഒന്നിച്ചുനിർത്തി മുന്നോട്ടുപോകും. 30.62 കോടിയുടെ കടബാധ്യതയാണ് ദുരന്തബാധിതർക്കുള്ളത്. ദുരന്തനിവാരണ നിയമപ്രകാരം ദേശീയ ദുരന്തനിവാരണ അതോറിറ്റി തീരുമാനമെടുത്താൽ ദേശസാൽകൃത ബാങ്കുകൾ കടം എഴുതിത്തള്ളാൻ നടപടി സ്വീകരിക്കും. അതിനു കേന്ദ്രം നടപടി സ്വീകരിച്ചില്ല. സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള കേരള ബാങ്ക് ഒരു മാസം കൊണ്ട് പത്ത് കോടിയോളം രൂപയുടെ കടം എഴുതിത്തള്ളി. മറ്റ് ബാങ്കുകളിലെ കടം എഴുതിത്തള്ളാത്ത പക്ഷം കേരളത്തിലെ വിവിധ സാധ്യതകൾ പ്രയോജനപ്പെടുത്തി കടബാധ്യത പരിഹരിക്കുന്നതിന് നടപടി ആലോചിക്കും.
സമ്മതപത്രം 24 വരെ നല്‍കാം
ടൗണ്‍ഷിപ്പിലേക്കുള്ള ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിലെ 89 ഗുണഭോക്താക്കളെ വയനാട് ജില്ല കലക്ടര്‍ ഡി.ആര്‍. മേഘശ്രീ രണ്ടാംദിനമായ ചൊവ്വാഴ്ച നേരില്‍ കണ്ടു സംസാരിച്ചു. ആശയവിനിമയം നടത്തിയവരില്‍ എട്ടുപേര്‍ മാത്രമാണ് ടൗണ്‍ഷിപ്പില്‍ വീടിനായി സമ്മതപത്രം നല്‍കിയത്. ആദ്യ ദിനത്തിൽ 13 പേരും. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കൂടിക്കാഴ്ചയില്‍ ടൗണ്‍ഷിപ്പില്‍ 10 സെന്റ് സ്ഥലവും സാമ്പത്തിക സഹായമായി 40 ലക്ഷവും അനുവദിക്കണമെന്ന ആവശ്യം ജില്ലാ കലക്ടറെ അറിയിച്ചു. ടൗണ്‍ഷിപ്പില്‍ നിര്‍മിക്കുന്ന വീടിന്റെ പ്ലാനില്‍ അടയാളപ്പെടുത്തിയ മേല്‍ക്കൂരയിലെ ചരിഞ്ഞ പ്രതലം നിരപ്പാക്കണമെന്നും വീടിനോട് ചേര്‍ന്ന് പുറത്തായി നിര്‍മിച്ച സ്റ്റെയര്‍ അകത്ത് ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
ടൗണ്‍ഷിപ്പില്‍ നിര്‍മിക്കുന്ന പൊതു മാര്‍ക്കറ്റിലെ കടമുറികളില്‍ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് കച്ചവടം നടത്തിയവര്‍ക്ക് മുന്‍ഗണന നല്‍കി കച്ചവടത്തിന് പരിഗണന ഉറപ്പാക്കണമെന്ന് യോഗത്തില്‍ ആളുകള്‍ അറിയിച്ചു. ഗുണഭോക്താക്കളുടെ ആവശ്യങ്ങള്‍ സര്‍ക്കാറിനെ അറിയിക്കുമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ ഉറപ്പു നല്‍കി. ദുരന്തത്തില്‍ കടമുറികള്‍, ഒന്നിലധികം വീടുകള്‍ നഷ്ടമായവര്‍ക്ക് സര്‍ക്കാര്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കും. ടൗണ്‍ഷിപ്പിലേക്കുള്ള കുടിവെള്ള വിതരണത്തില്‍ ആശങ്ക അറിയിച്ചവരോട് ടൗണ്‍ഷിപ്പില്‍ ജലസംഭരണി നിര്‍മിച്ച് വാട്ടര്‍ അതോറിറ്റി മുഖേന കുടിവെള്ള വിതരണം ചെയ്യുമെന്നും അറിയിച്ചു.
ആരാധനാലയങ്ങള്‍, പൊതു ശ്മശാനം എന്നിവ ടൗണ്‍ഷിപ്പില്‍ ഉള്‍പ്പെടുത്തണമെന്നും ഗുണഭോക്താക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഗുണഭോക്തൃ ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്ക് ടൗണ്‍ഷിപ്പില്‍ വീട് വേണമോ, സാമ്പത്തിക സഹായം വേണമോ എന്നത് സംബന്ധിച്ച് മാര്‍ച്ച് 24 വരെ സമ്മതപത്രം നല്‍കാം. ലഭിക്കുന്ന സമ്മതപത്രത്തില്‍ പരിശോധനയും സമാഹരണവും ഏപ്രില്‍ 13ന് പൂര്‍ത്തിയാക്കും. ടൗണ്‍ഷിപ്പില്‍ വീട്, സാമ്പത്തിക സഹായം എന്നത് സംബന്ധിച്ചുള്ള ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രില്‍ 20ന് പ്രസിദ്ധീകരിക്കും. പട്ടിക ജില്ല കലക്ടറുടെ ഔദ്യോഗിക പേജിലും കലക്ടറേറ്റിലും വൈത്തിരി താലൂക്ക് ഓഫിസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, വെള്ളരിമല വില്ലേജ് ഓഫിസിലും പ്രസിദ്ധപ്പെടുത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.