മുണ്ടക്കൈ ദുരന്തം: ഒന്നരക്കോടിയുടെ വിദ്യാഭ്യാസ സഹായ പദ്ധതിയുമായി മലബാർ ഗ്രൂപ്
text_fieldsകോഴിക്കോട്: വയനാട് മുണ്ടക്കൈയിൽ പ്രകൃതിദുരന്തത്തിന് ഇരയായ കുട്ടികളുടെ തുടർ വിദ്യാഭ്യാസത്തിന് സഹായവുമായി മലബാർ ഗ്രൂപ്.
വിദ്യാർഥികൾക്ക് ആത്മവിശ്വാസവും വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായവും നൽകുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മാനേജ്മെന്‍റ് അറിയിച്ചു. മുണ്ടക്കൈയിൽ ദുരന്തത്തിനിരയായവർക്ക് മൂന്നുകോടി രൂപയുടെ സഹായം മലബാർ ഗ്രൂപ് നേരത്തേതന്നെ വാഗ്ദാനം ചെയ്തിരുന്നു. ഇതിന്‍റെ ഭാഗമെന്ന നിലയിലാണ് കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ പൂർണമായി ഏറ്റെടുക്കുന്നത്. അഡ്വ. ടി. സിദ്ദീഖ് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന റിവൈവ് വയനാട് പോസ്റ്റ് റിഹാബിലിറ്റേഷൻ പ്രോജക്ട് പ്രവർത്തനങ്ങളുമായി സഹകരിച്ച് മലബാർ ചാരിറ്റബിൾ ട്രസ്റ്റ് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
155 കുട്ടികൾക്ക് മൂന്നുവർഷത്തെ പഠനത്തിന് ഒന്നരക്കോടിയോളം രൂപയാണ് മലബാർ ഗ്രൂപ് ചെലവഴിക്കുക. വിദ്യാർഥികളുടെ പഠനകാലയളവിലെ എല്ലാ ചെലവുകളും നൽകും. ജോലിക്ക് പ്രാപ്തരാക്കുന്നതിനുള്ള പരിശീലനവും മാർഗനിർദേശങ്ങളും നൽകും. യോഗ്യതയുടെ അടിസ്ഥാനത്തിൽ മലബാർ ഗ്രൂപ്പിൽ നിയമനത്തിന് മുൻഗണനയുമുണ്ടാകും.
പദ്ധതിയുടെ ആദ്യ കൗൺസലിങ് സെഷൻ മേപ്പാടിയിലെ എം.എസ്.എ ഓഡിറ്റോറിയത്തിൽ നടന്നു. മലബാർ ഗ്രൂപ് സി.എസ്.ആർ വിഭാഗം മേധാവി പി.കെ. ഷബീർ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കൽപറ്റ ഷോറൂം ഹെഡ് അബൂബക്കർ, വീ ക്യാൻ സോഷ്യൽ ഇന്നൊവേറ്റേഴ്സ് സി.ഇ.ഒ അഖിൽ കുര്യൻ, അഡ്വ. പ്രണവ് കാതറിൻ, അപർണ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.