എല്ലാവരും ഒലിച്ചുപോയി, ഇനി കുടുംബത്തിൽ ജിഷ്ണുവും ജിബിനും മാത്രം
text_fieldsദമ്മാം: ഒന്ന് ഇരുട്ടി വെളുത്തപ്പോൾ ജിഷ്ണുവും കുഞ്ഞനുജൻ ജിബിനും കുടുംബത്തിൽ തനിച്ചായി. അച്ഛനും അമ്മയും മുത്തശ്ശിയും മൂന്ന് കൂടപ്പിറപ്പുകളും സഹോദര ഭാര്യയും ഉൾപ്പടെ ഏഴുപേരെയാണ് ഉരുൾപൊട്ടി കുത്തിയൊലിച്ചുവന്ന ദുരന്തം കൊണ്ടുപോയത്. ഏഴ് മാസം മുമ്പ് ജിഷ്ണു സൗദി അറേബ്യയിലേക്ക് പുതിയ സ്വപ്നങ്ങളുമായി വിമാനം കയറുേമ്പാൾ യാത്രയാക്കിയവരാണ് ഇവർ. ചൊവ്വാഴ്ച രാത്രിയിൽ ദമ്മാമിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ ചെന്നിറങ്ങുമ്പോൾ തെൻറ വീട്ടുകാർക്ക് ഒന്നും സംഭവിച്ചിരിക്കില്ലെന്നും അവരെല്ലാം തന്നെ കാത്തിരിക്കുകയാണെന്നുമുള്ള പ്രതീക്ഷ വെടിഞ്ഞിരുന്നില്ല ജിഷ്ണു.
ഒടുവിൽ മരിച്ചവരെ നിരത്തിക്കിടത്തിയ ഇടങ്ങളിൽ നിന്ന് അച്ഛൻ രാജെൻറയും അമ്മ മരുതായിയുടേയും അനുജൻ ഷിജുവിെൻറയും സഹോദര ഭാര്യ പ്രിയങ്കയുടെയും മൃതദേഹങ്ങൾ തിരിച്ചറിയുേമ്പാഴേക്കും മനസ് മരവിച്ച അവസ്ഥയിലായി ജിഷ്ണു. ഇനി മുത്തശ്ശി നാഗമ്മയുടെയും മൂത്ത സഹോദരൻ ജിനുവിന്‍റെയും ഇളയ പെങ്ങൾ ആൻഡ്രിയയുടേയും വിവരങ്ങളാണ് അറിയാനുള്ളത്. അവർ എവിടെയാെണന്ന് ഒരു വിവരവുമില്ല. ആകെ ബാക്കിയായത് ഏറ്റവും ഇളയ അനുജൻ ജിബിനാണ്. നാട്ടിലെ സ്വകാര്യ റിസോർട്ടിൽ ജോലിയുള്ള അവൻ സംഭവദിവസം വീട്ടിലുണ്ടായിരുന്നില്ല. അതുകൊണ്ടാണ് രക്ഷപ്പെട്ടത്.
മുണ്ടക്കൈയിലെ പുഞ്ചിരിവട്ടത്തായിരുന്നു ജിഷ്ണുവിെൻറ വീട്. ആ വീട് അപ്പാടെ ഒലിച്ചുപോയി. അവിടം സുരക്ഷിതമല്ലെന്ന് ജില്ലാ റവന്യു അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ തിങ്കളാഴ്ച വൈകീട്ട് കുറച്ചുകൂടി സുരക്ഷിതമെന്ന് കരുതിയ അമ്മയുടെ സഹോദരി വിജിയുടെ വീട്ടിലേക്ക് എല്ലാരും മാറിയിരുന്നു. എന്നാൽ ചെറിയ അരുവി പെരിയ കടലായി പലവഴി പിരിഞ്ഞ് പാഞ്ഞെത്തിയപ്പോൾ ആ വീടും തകർന്നു അതിലുള്ളവരടക്കം ഒലിച്ചുപോവുകയായിരുന്നു.
26കാരനായ ജിഷ്ണു സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയിൽ ജോലിക്കെത്തിയിട്ട് ആറു മാസമേ ആയിട്ടുള്ളൂ. വയനാട്ടിൽ കനത്ത മഴയുണ്ടെന്നും സൂക്ഷിക്കണമെന്നുമുള്ള മുന്നറിയിപ്പും വാർത്തയുമൊക്കെ വന്നതോടെ ജോലി സ്ഥലത്തും താമസസ്ഥലത്തുമൊക്കെ കടുത്ത അസ്വസ്ഥതയിലായിരുന്നു ജിഷ്ണു. രണ്ടുവർഷം മുമ്പുണ്ടായ ഉരുൾപൊട്ടലിൽ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട മുൻ അനുഭവമുണ്ട് ജിഷ്ണുവിന്. അന്ന് വീടിെൻറ ഒരു ഭാഗം പൂർണമായും തകർന്നിരുന്നു. എങ്കിലും ജിഷ്ണുവും കുടുംബവും വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു.
ഉരുൾപൊട്ടലുണ്ടായി എന്നറിഞ്ഞത് മുതൽ നിരന്തരം ഫോണിൽ വിളിച്ചിട്ടും ആരെയും കിട്ടാതെ തെൻറ വീട്ടുകാർക്ക് എന്ത് സംഭവിച്ചു എന്ന ആശങ്കയിൽ ഉള്ളുപിടഞ്ഞ് നാട്ടിലേക്ക് തിരിച്ച വിഷ്ണുവിനെ കുറിച്ച് കഴിഞ്ഞ ദിവസം ‘ഗൾഫ് മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. കെട്ടിടനിർമാണ തൊഴിലാളിയായിരുന്ന പിതാവ് ശാരീരിക അവശതകളെ തുടർന്ന് പണിക്കൊന്നും പോകുന്നില്ലായിരുന്നു. മാതാവ് അർബുദം ബാധിച്ച് തുടർചികിത്സയിലായിരുന്നു. മൂന്ന് മാസം മുമ്പാണ് മൂത്ത സഹോദരൻ ജിനുവിന്‍റെയും പ്രിയങ്കയുടേയും വിവാഹം. ഗർഭിണിയായ പ്രിയങ്ക സ്വന്തം വീട്ടിൽ നിന്നും കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. ഇളയവരിൽ ഷിജു സീരിയൽ ഷൂട്ടിങ് കാമറാരംഗത്താണ് ജോലി ചെയ്തിരുന്നത്. പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു ഏറ്റവും ഇളയവളായ ആൻഡ്രിയ.
ഇതുവരെ കണ്ടെത്താൻ കഴിയാത്തവരുടെ കാര്യത്തിൽ പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിക്കുകയാണ്. മൃതദേഹങ്ങളിൽനിന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്. ശരീരഭാഗങ്ങളും തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളും കൂട്ടമായി സംസ്കരിക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്. അച്ഛനും അമ്മയും മുത്തശ്ശിയും അഞ്ച് സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിലെ രണ്ടാമനാണ് വിഷ്ണു. ലോണെടുത്തും കൈവായ്പ വാങ്ങിയും നിർമിച്ച വീടിെൻറ കടം തീർക്കാനാണ് ഏഴ് മാസം മുമ്പ് ദമ്മാമിന് സമീപം അൽ അഹ്സയിലെ സ്വീറ്റ് വാട്ടർ കമ്പനിയിലേക്ക് ജിഷ്ണു ജോലിക്കെത്തിയത്.
ചൊവ്വാഴ്ച അതിരാവിലെ വിവരമറിഞ്ഞത് മുതൽ ജിഷ്ണു ആരെയെങ്കിലും ഫോണിൽ കിട്ടാനുള്ള ശ്രമത്തിലായിരുന്നു. തൊഴിലുടമയും സാമൂഹിക പ്രവർത്തകനുമായ പ്രസാദ് കരുനാഗപ്പള്ളി 'നാട്ടിൽ പോകൂ എന്ത് സഹായവും ചെയ്തുതരാ'മെന്ന് പറഞ്ഞാണ് ജിഷ്ണുവിനെ നാട്ടിലേക്ക് പറഞ്ഞയച്ചത്. ‘സർ ഞാനെന്തിന് ഇനി നാട്ടിലേക്ക് പോകണം’ എന്നായിരുന്നു അപ്പോൾ ജിഷ്ണുവിെൻറ പ്രതികരണം. എല്ലാം കഴിയുമ്പോൾ ജിഷ്ണുവിനെ തിരികെ കൊണ്ടുവരണമെന്നും ഇനിയും ജീവിതം കെട്ടിപ്പടുക്കാൻ അവനോടൊപ്പം ഞങ്ങൾ എല്ലാവരുമുണ്ടാകുമെന്നും പ്രസാദ് കരുനാഗപ്പള്ളി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.