മുണ്ടക്കൈ ഉരുൾപൊട്ടലിൽ മാറ്റിപാർപ്പിച്ച ആദിവാസി കുടുംബങ്ങൾക്ക് പ്രത്യേക പുനരധിവാസ പദ്ധതി നടപ്പാക്കണം -ആദിവാസി ഗോത്ര മഹാസഭ
text_fieldsകൽപറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ ഭാഗമായി മാറ്റി പാർപ്പിക്കപ്പെട്ട ആദിവാസി കുടുംബങ്ങൾക്ക് ചൂരൽമല പരിസരത്ത് തന്നെ പ്രത്യേക പുനരധിവാസ പദ്ധതി തയാറാക്കാൻ ആദിവാസി പുനരധിവാസ മിഷനെ സർക്കാർ ചുമതലപ്പെടുത്തണമെന്ന് ആദിവാസി ഗോത്രമഹാസഭ. ദുരന്തത്തിനിരയായവർക്ക് വേണ്ടി ടൗൺഷിപ്പ് മാതൃകയിലുള്ള പുനരധിവാസം നടപ്പാക്കാൻ പോകുന്ന നെടുമ്പാല എസ്റ്റേറ്റിനടുത്തുള്ള വാടക കെട്ടിടത്തിലാണ് പുഞ്ചിരിമെട്ടത്തു നിന്നും മാറ്റിയ നാല് കുടുംബങ്ങളെ താമസിപ്പിച്ചിരിക്കുന്നത്.
ഒരു കുടുംബം പുഞ്ചിരിമെട്ടത്തേക്ക് തിരിച്ചു പോയിട്ടുണ്ട്. ഏറാട്ട്കുണ്ടിലുള്ള കുടുംബങ്ങൾ അട്ടമലയിലുള്ള പാടിയിലാണ് താൽകാലികമായി താമസിക്കുന്നത്. നിലവിൽ സർക്കാർ പ്രസിദ്ധീകരിച്ചിരിക്കുന്ന പ്രാഥമിക ഗുണഭോക്തൃ പട്ടികയിൽ ഇവരിലാരും ഉൾപ്പെട്ടിട്ടില്ല. അതിഗുരുതരമായ നാശനഷ്‌ടങ്ങൾക്ക് ഇരയാകാത്തവരായതു കൊണ്ടാകാം ആദിവാസി കുടുംബങ്ങൾ ഒഴിവാക്കപ്പെട്ടത്. എങ്കിലും ഇവരിലേറെ പേരും പുനരധി വാസം ആവശ്യമായവരാണ്. എന്നാൽ നെടുമ്പാലയിൽ രൂപം നൽകാൻ പോകുന്ന ടൗൺഷിപ്പിലോ, അതിന്‍റെ പരസരങ്ങളിലോ ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നത് അവരുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും.
നിലവിൽ ചൂരൽമല പരിസരങ്ങളിലുള്ള വനമേഖലയിൽ നിന്നും വനവിഭവങ്ങൾ ശേഖരിച്ചും സമീപ പ്രദേശങ്ങളിലുള്ള തോട്ടങ്ങളിൽ ജോലി ചെയ്‌തുമാണ് ഇവർ ഉപജീവനം നടത്തുന്നത്. ഇപ്പോൾ നെടുമ്പാലയിൽ വാടക വീട്ടിൽ താമസിക്കുന്നവർ പിടിച്ചുനിൽക്കുന്നത് ഭക്ഷ്യവസ്‌തുക്കളും വാടകയും ലഭിക്കുന്നതു കൊ ണ്ടുമാത്രമാണ്. ഇത് എത്രനാൾ തുടരുമെന്ന അനിശ്ചിതത്വം അവരുടെ മുന്നിലുണ്ട്. ടൗൺഷിപ്പ് വന്നാൽ ആദിവാസി കുടുംബങ്ങൾക്ക് പിടിച്ച് നിൽക്കാൻ കഴിയില്ല.
നിലവിലുള്ള കുടുംബങ്ങൾ പലമേഖലകളിലും ചിതറപ്പെട്ടാൽ വംശീയമായി തുടച്ചു നീക്കപ്പെടുകയും ചെയ്യും. അട്ടമലയിലും പുഞ്ചിരിമെട്ടത്തും സ്ഥിരമായി താമസിച്ചു വന്നിരുന്ന ആദിവാസി വിഭാഗക്കാർ പണിയ വിഭാഗമാണെങ്കിലും വയനാട്ടിലെ മറ്റ് പണിയ വിഭാഗങ്ങളുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട് ജീവിക്കുന്ന (വനവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന) ഗോത്രവർഗ വിഭാഗമാണ്. അതിനാൽ വിശദമായ പഠനം നടത്തിയതിന് ശേഷം മാത്രമേ പുനരധിവാസ പദ്ധതി നടപ്പാക്കാവൂ. വെള്ളപ്പൻകണ്ടി, അരണമല എന്നീ പ്രദേശങ്ങളിലും ചൂരൽമല പരിസരത്തും ആദിവാസികളെ പുനരധിവസിപ്പിക്കാനുള്ള ഭൂമി ലഭിക്കുമെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.
തോട്ടം ഭൂമി ഏറ്റെടുക്കുന്നതിൽ നിയമാനുസൃതമായ നടപടി സ്വീകരിക്കാന സർക്കാർ തയാറാകണം. ഭൂമിയിലുള്ള സർക്കാറിന്‍റെ അവകാശം ഉറപ്പുവരുത്താൻ സുശീല ആർ. ഭട്ടിനെ പോലെ പ്രാപ്തിയുള്ള നിയമവിദഗ്ധരെ ചുമതലപ്പെടുത്താൻ സർക്കാർ തയാറാകണം. തോട്ടങ്ങൾ ഏറ്റെടുക്കുമ്പോൾ തൊഴിലാളികളുടെ പുനരധിവാസത്തിനും പദ്ധതി തയാറാക്കണമെന്നും ആദിവാസി ഗോത്രമഹാസഭ സ്റ്റേറ്റ് കോ-ഓൻഡിനേറ്റർ എം. ഗീതാനന്ദൻ, രമേശൻ കൊയാലിപ്പുര (എ.ജി.എം.എസ്), ഗോപാലൻ മരിയനാട് എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.