മുണ്ടക്കയം പട്ടിണി മരണം: അമ്മിണിയെ മൂത്തമകൻ ഏറ്റെടുക്കും
text_fieldsഗാന്ധിനഗർ: പട്ടിണി മൂലം മരിച്ച മുണ്ടക്കയം വണ്ടംപതാൽ അസംബനി തൊടിയൽ പൊടിയെൻറ ഭാര്യ അമ്മിണിയെ (66) മൂത്ത മകൻ രഘു ഏറ്റെടുക്കാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും ഇതിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അമ്മിണിയെ സംരക്ഷിക്കാൻ തയാറാണെന്നും മെഡിക്കൽ കോളജിൽ ഇപ്പോൾ പരിചരിച്ചുകൊണ്ടിരിക്കുന്ന സഹോദരിയുടെ മകൾ ഷൈലജ പറഞ്ഞു.
ഭർത്താവ് മരണപ്പെടുകയും മകൻ റിമാൻഡിലാവുകയും ചെയ്ത സാഹചര്യത്തിൽ ഒറ്റപ്പെട്ട അമ്മിണിയെ നവജീവൻ ട്രസ്റ്റും ഈരാറ്റുപേട്ടയിലെ കരുണ പാലിയേറ്റിവ് കെയർ യൂനിറ്റും ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. അമ്മിണിയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് രഘു. ഇയാൾ ഇപ്പോൾ മുണ്ടക്കയം ഏന്തയാറിൽ കുടുംബസമേതം വാടകക്ക് താമസിക്കുകയാണ്. അമ്മിണിയുടെ മൂത്തസഹോദരി പരേതയായ തങ്കമ്മയുടെ മകൾ ഷൈലജയാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്.
വെള്ളിയാഴ്ച മകൻ രഘുവിനെ അന്വേഷിച്ച് കരയുകയായിരുന്നു അമ്മിണി. മകൻ ഭക്ഷണം കൊടുക്കാതെ മർദിക്കുക പതിവായിരുന്നുവെങ്കിലും മകനെതിരെ കേസ് കൊടുക്കുവാൻ ഈ വയോധിക ദമ്പതികൾ തയാറായിരുന്നില്ല. ഏതാനും ആഴ്ച മുമ്പുവരെ അയൽവക്കത്തെ വീടുകളിൽ രാവിലെ കട്ടൻ ചായ ചോദിച്ചു ചെല്ലുമായിരുന്നു. അതേസമയം അമ്മിണിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടു ദിവസത്തിനുള്ളിൽ ആശുപത്രി വിടുമെന്നും അധികൃതർ അറിയിച്ചു.
അമ്മിണിയെ ഏറ്റെടുക്കാൻ ഈരാറ്റുപേട്ട കരുണ പാലിയേറ്റിവ് കെയർ
മുണ്ടക്കയം: ഭക്ഷണവും മരുന്നും ലഭിക്കാതെ മനോനില തെറ്റി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുണ്ടക്കയം വണ്ടൻപതാൽ അസംബനി തൊടിയിൽ അമ്മിണിയെ (76) ഏറ്റെടുക്കാൻ സമ്മതം അറിയിച്ച് ഈരാറ്റുപേട്ട കരുണ പാലിയേറ്റിവ് കെയർ. വെള്ളിയാഴ്ച ഉച്ചക്ക് വീട്ടിലെത്തിയ ശേഷം പഞ്ചായത്ത് അംഗം സിനിമോൾ തടത്തിലിനെ വിവരം അറിയിക്കുകയായിരുന്നു. ഡിസ്ചാർജ് ചെയ്ത ശേഷമോ ആശുപത്രിയിൽ എത്തിയോ നേരിട്ട് ഏറ്റെടുക്കാൻ തയാറാണെന്നാണ് അറിയിച്ചിട്ടുള്ളത്.
കഴിഞ്ഞ 19ന് വൈകീട്ടാണ് അമ്മിണി, ഭർത്താവ് പൊടിയൻ എന്നിവരെ ആശ വർക്കർമാരും പഞ്ചായത്തിലെ പാലിയേറ്റിവ് കെയർ യൂനിറ്റ് പ്രവർത്തകരും ഗുരുതരാവസ്ഥയിൽ വീട്ടിൽ കണ്ടെത്തിയത്. തുടർന്ന് അധികാരികൾ ഇടപെടുകയും ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. എങ്കിലും പൊടിയൻ മരിച്ചു. മനോനില തെറ്റിയ അമ്മിണിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മകൻ െറജി മാതാപിതാക്കൾക്ക് ദീർഘനാളായി ഭക്ഷണവും മരുന്നും നൽകിയിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ െറജിയെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.
ഈരാറ്റുപേട്ട കേന്ദ്രമായി പ്രവർത്തിക്കുന്ന കരുണ പാലിയേറ്റിവ് കെയർ സംരക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടുന്ന നിരവധി പേരെ സംരക്ഷിച്ചുപോരുന്ന സംഘടനയാണ്. മുണ്ടക്കയത്ത് എത്തിയ പാലിയേറ്റിവ് കെയർ ഭാരവാഹികളായ എ.എൻ.എം. ഹാറൂൺ, ഒ.എസ്.എ അബ്ദുൽ കരീം(ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡൻറ്), പി.എസ്. അഷ്റഫ്, നാസർ ബിലാൽ എന്നിവരാണ് വീട് സന്ദർശിച്ച് വയോധികയെ ഏറ്റെടുക്കുന്ന വിവരം അറിയിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് ബി. ജയചന്ദ്രൻ സന്നിഹിതനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.