കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ അസിസ്റ്റന്‍റ് എൻജിനീയർ വിജിലൻസ് പിടിയിൽ
text_fieldsനിലമ്പൂർ: കെട്ടിട നിർമാണത്തിന് കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ അസി. എൻജിനീയർ വിജിലൻസിന്‍റെ പിടിയിലായി. നിലമ്പൂർ നഗരസഭയിലെ അസി. എൻജിനീയർ കൊണ്ടോട്ടി കോടങ്ങാട് സജിത മൻസിൽ വീട്ടിൽ അഫ്സലിനെയാണ് പിടികൂടിയത്. ഓഫിസിൽ 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. നിലമ്പൂർ റെയിൽവേക്ക് സമീപത്തെ കൽപറമ്പിൽ കെ.പി. ശിവശങ്കരന്‍റെ പരാതിയിലാണ് നടപടി.
പരാതിക്കാരന്‍റെ സുഹൃത്തിന്‍റെ മരുമകന് ടു വീലർ മൊബൈൽ ഷോപ്പ് തുടങ്ങാൻ ഷെഡ് നിർമിക്കാനുള്ള പെർമിറ്റ് അനുമതിക്കായാണ് അസി. എൻജിനീയറെ സമീപിച്ചത്. എന്നാൽ, പെർമിറ്റ് നൽകാൻ 10,000 രൂപ കൈക്കൂലിയായി ആവശ‍്യപ്പെട്ടു. 5,000 രൂപ നൽകി. എന്നിട്ടും ലൈസൻസ് ലഭിക്കാതെ വന്നതോടെ വീണ്ടും എൻജിനീയറെ സമീപിച്ചു. 5000 രൂപ കൂടി ആവശ‍്യപ്പെട്ടു. ഇതോടെയാണ് മലപ്പുറം വിജിലൻസിന് സമീപിച്ചത്.
വിജിലൻസ് ഡിവൈ.എസ്.പി ഫിറോസ് എം ഷെഫീഖിന്‍റെ നേതൃത്വത്തിൽ, ജില്ല വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ പി.ടി. മുഹമ്മദ് ഹനീഫ, പാണക്കാട് ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫിസർ കെ.ടി. ഡോ. സുബിൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
വിജിലൻസ് ഇൻസ്പെക്ടർമാരായ പി. ജ്യോതീന്ദ്രകുമാർ, ഐ. ഗിരിഷ് കുമാർ, എസ്.ഐ പി.ആർ. മോഹനകൃഷ്ണൻ, എ.എസ്.ഐമാരായ സലീം, ടി.ടി. ഹനീഫ, മധുസൂദനൻ, മണികണ്ഠൻ, ഉദ്യോഗസ്ഥരായ ടി.പി. പ്രജിത്ത്, ഇ.എസ്. നിഷ, സന്തോഷ് കൃഷ്ണ, പി.വി. ജിപ്സ്, കെ.പി. വിജയകുമാർ, ധനേഷ്, രാജിവ്, സനൽ, രത്നകുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.