5000 രൂപ കൈക്കൂലി വാങ്ങവെ മുൻസിപ്പാലിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ
text_fieldsതിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിന്നിടെ മുൻസിപ്പാലിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ. മലപ്പുറം നിലമ്പൂർ മുൻസിപ്പാലിറ്റി അസിസ്റ്റന്റ് എഞ്ചീനീയറായ സി. അഫ്സലിനെയാണ് ഇന്ന് വിജിലൻസ് കൈയ്യോടെ പിടികൂടിയത്. വർക്ക്ഷോപ്പ് നടത്തുന്നതിന് വേണ്ടി ഷെഡ് കെട്ടുന്നതിനുള്ള അനുമതി നൽകുന്നതിനാണ് 5,000 രൂപ കൈക്കൂലി വാങ്ങിയത്.
മലപ്പുറം, നിലമ്പൂർ സ്വദേശിയായ പരാതിക്കാരന്റെ ഉടമസ്ഥതയുള്ള റെയിൽവേ സ്റ്റേഷന് സമീപമുള്ള വസ്തുവിൽ വർക്ക്ഷോപ്പ് നടത്തുന്നതിന് ഷെഡ് നിർമിക്കുന്നതിനുള്ള അനുമതിക്കായി നിലമ്പൂർ മുൻസിപ്പാലിറ്റിയിൽ രണ്ട് മാസങ്ങൾക്ക് മുൻപ് അപേക്ഷ നൽകിയിരുന്നു. അതിൽ നടപടി സ്വീകരിക്കാത്തതിനെത്തുടർന്ന് ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുനിസിപ്പാലിറ്റിയിൽ എത്തി കാര്യങ്ങൾ തിരക്കി. പരാതിക്കാരനോട് അപേക്ഷയിൽ തുടർ നടപടി സ്വീകരിക്കണമെങ്കിൽ 10,000 രൂപ കൈക്കൂലി നൽകണമെന്ന് മുൻസിപ്പാലിറ്റി അസിസ്റ്റന്റ് എൻജിനിയർ അഫ്സൽ ആവശ്യപ്പെട്ടു.
പരാതിക്കാരൻ 5,000 രൂപ ഓഫീസിൽ വെച്ച് അഫ്സലിന് കൈമാറി. തുടർന്ന് ബാക്കി 5,000 രൂപയുമായി ഇന്ന് ഓഫീസിൽ വരാൻ ആവശ്യപ്പെട്ടു. പരാതിക്കാരൻ ഈ വിവരം മലപ്പുറം വിജിലൻസ് ഡി.വൈ.എസ്.പി ഫിറോസ് എം. ഷഫീക്കിനെ അറിയിച്ചു.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കെണി ഒരുക്കി ഇന്ന് രാവിലെ 10.30ന് ഓഫീസിൽ വച്ച് പരാതിക്കാരനിൽ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങവെ അഫ്സലിനെ വിജിലൻസ് സംഘം കൈയോടെ പിടികൂടുകയാണുണ്ടായത്. പിടികൂടിയ പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.
വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പി ഫിറോസ്.എം.ഷഫീഖ്, ഇൻസ്പെക്ടർമാരായ മലപ്പുറം യൂനിറ്റ് ജ്യോതീന്ദ്രകുമാർ ഗിരീഷ്, സബ് ഇൻസ്പെക്ടർമാരായ മധുസൂദനൻ, മോഹനകൃഷ്ണൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ഹനീഫ, മുഹമ്മദ് സലിം, എസ്.സി.പി.ഒ മാരായ പ്രജിത്ത്, സുബിൻ, പ്രശോബ്, ധനേഷ്, രാജീവ്, സന്തോഷ്, രത്നകുമാരി, ശ്യാമ, നിഷ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.