നഗരസഭ കൈക്കൂലി കേസ്: ചെയർമാന് പിന്തുണ പിൻവലിച്ച് എൽ.ഡി.എഫ്
text_fieldsതൊടുപുഴ: കൈക്കൂലി കേസിൽ പ്രതിയായ തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജിനുള്ള പിന്തുണ എൽ.ഡി.എഫ് പിൻവലിച്ചു. നഗരസഭയിലെ എൽ.ഡി.എഫ് കൗൺസിലർമാരും നേതാക്കന്മാരും ഇടുക്കി പ്രസ് ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് പിന്തുണ പിൻവലിക്കുന്നതായി അറിയിച്ചത്. ചെയർമാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 11ന് വൈകീട്ട് അഞ്ചിന് എൽ.ഡി.എഫ് പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തും.
കുമ്പംകല്ല് ബി.ടി.എം സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ അസി. എൻജിനീയർ കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് ചെയർമാൻ സനീഷിനെ വിജിലൻസ് രണ്ടാം പ്രതിയാക്കി കേസെടുത്തത്. എൽ.ഡി.എഫ് പിന്തുണയിൽ ഭരിക്കുന്ന ചെയർമാനോട് രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടും വഴങ്ങാത്ത സാഹചര്യത്തിലാണ് പിന്തുണ പിൻവലിക്കാൻ തീരുമാനിച്ചതെന്ന് നേതാക്കൾ പറഞ്ഞു.
അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്നും കോൺഗ്രസിന്റെയോ ബി.ജെ.പിയുടെ സഹകരണമില്ലാതെ അവിശ്വാസം പാസാകില്ലെന്നും അത് എൽ.ഡി.എഫ് നയത്തിനെതിരാണെന്നും നേതാക്കൾ പറഞ്ഞു.
നഗരത്തിലെ പല കെട്ടിടങ്ങൾക്കും സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് അസി. എൻജിനീയർ കൈക്കൂലി ആവശ്യപ്പെട്ടതായി പരാതിയുണ്ടായിട്ടുണ്ട്. അഴിമതിക്കാരനായ അസി. എൻജിനീയർക്കെതിരെ സമരം ചെയ്ത എൽ.ഡി.എഫുകാർക്കെതിരെ കേസുണ്ട്. അങ്ങനെയുള്ള ഉദ്യോഗസ്ഥനെ മുനിസിപ്പൽ ആക്ട് പ്രകാരം ചുമതലയിൽനിന്ന് മാറ്റിനിർത്താമായിരുന്നു.
അതിനു പകരം സ്കൂളിന്റെ ഫിറ്റ്നസിന് അയാൾക്ക് കൈക്കൂലി കൊടുക്കണമെന്ന് നഗരസഭയുടെ ചെയർമാൻ തന്നെ പറയാൻ പാടില്ലാത്താണ്. ചെയർമാനെതിരെ ഉയർന്ന ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് അദ്ദേഹത്തോട് രാജിവെക്കാൻ ആവശ്യപ്പെട്ടതെന്ന് നേതാക്കൾ വ്യക്തമാക്കി.
ചെയർമാനെ സംരക്ഷിക്കുന്നത് എൽ.ഡി.എഫ് ആണെന്ന് ആരോപിക്കുന്ന കോൺഗ്രസുകാർ തന്നെയാണ് അദ്ദേഹത്തെ സംരക്ഷിക്കുന്നത്. കേസിൽ പ്രതിയായ ശേഷം സി.പി.എം ഓഫിസിൽ സനീഷ് ജോർജ് നേതാക്കളുമായി ചർച്ച ചെയ്തുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
എന്നാൽ, കേസിൽ പ്രതിയായ സനീഷ് ജോർജ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായി മൂന്നുതവണ ചർച്ച നടത്തിയതിന് തങ്ങളുടെ പക്കൽ തെളിവുണ്ടെന്നും ചെയർമാനല്ല സി.പി.എമ്മാണ് കുഴപ്പം എന്ന് വരുത്തി തീർക്കാനാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു.
വാര്‍ത്തസമ്മേളനത്തില്‍ എൽ.ഡി.എഫ് മുനിസിപ്പല്‍ കണ്‍വീനര്‍ മുഹമ്മദ് ഫൈസല്‍, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരി, തൊടുപുഴ വെസ്റ്റ് ഏരിയ സെക്രട്ടറി ടി.ആര്. സോമൻ, വി.ആര് പ്രമോദ്, ജിമ്മി മറ്റത്തിപ്പാറ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.