കെ.എസ്.ആർ.ടി.സി ഇന്ധന ഔട്ട് ലറ്റിന് നഗരസഭ ലൈസൻസ് ഇളവ്
text_fieldsകൊച്ചി: കെ.എസ്.ആർ.ടി.സി ആരംഭിക്കുന്ന പെട്രോൾ, ഡീസൽ ഔട്ട്ലറ്റിന് നഗരസഭകളുടെ ലൈസൻസ് എടുക്കേണ്ടതില്ല. തദ്ദേശ വകുപ്പ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. കെ.എസ്.ആർ.ടി.സി യാത്ര ഫ്യുവൽസ് എന്ന പേരിലാണ് പൊതു ഔട്ട്ലറ്റുകൾ ഒരുക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഇത് ആരംഭിച്ചുകഴിഞ്ഞു. എന്നാൽ, നഗരസഭകളിൽനിന്ന് ആവശ്യമായ ലൈസൻസ് എടുക്കുന്നതു സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു.
ഇതേതുടർന്ന്, ലൈസൻസ് എടുക്കുന്നതിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി എം.ഡി തദ്ദേശ വകുപ്പിന് നിവേദനം സമർപ്പിച്ചിരുന്നു. ഇക്കാര്യം പരിശോധിച്ച അധികൃതർ, സർക്കാറിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖല സ്ഥാപനം എന്നത് പരിഗണിച്ചും ഔട്ട്ലറ്റുകൾ ആരംഭിക്കുന്നത് പൊതുജനങ്ങൾക്കുകൂടി ഗുണകരമാണെന്ന് കണ്ടും കർശന ഉപാധികളോടെ ലൈസൻസിൽ ഇളവ് അനുവദിക്കുകയായിരുന്നു.
എല്ലാ നിയമങ്ങളും ചട്ടങ്ങളും അനുസരിക്കണമെന്നും എല്ലാ പ്രവർത്തനങ്ങളുടെയും ഉത്തരവാദിത്തം കെ.എസ്.ആർ.ടി.സിക്ക് മാത്രമായിരിക്കുമെന്നുമുൾപ്പെടെയാണ് നിബന്ധനകൾ.
പൊതുമേഖല എണ്ണക്കമ്പനിയായ ഐ.ഒ.സിയുമായി ചേർന്നാണ് പുതിയ സംവിധാനം കെ.എസ്.ആർ.ടി.സി നടപ്പാക്കുന്നത്. നിലവിലുള്ള ഡീസൽ പമ്പുകൾക്കൊപ്പം ഡീസൽ യൂനിറ്റ് കൂടി ചേർത്താണ് സംരംഭം. തുടക്കത്തിൽ പെട്രോളും ഡീസലുമാണ് വിതരണമെങ്കിലും പിന്നീട് സി.എൻ.ജി, എൽ.എൻ.ജി, ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് എന്നിവയും ലഭ്യമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.