നികുതി പിരിവിൽ നഗരസഭകൾ പിന്നിൽ; മുന്നിൽ പഞ്ചായത്തുകൾ
text_fieldsമലപ്പുറം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഞെരുങ്ങുന്ന സംസ്ഥാന സർക്കാറിന് തലവേദനയായി സർക്കാർ സ്ഥാപനങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നികുതി കുടിശ്ശിക. 2023 മാർച്ച് വരെയുള്ള ധനവകുപ്പിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ കോർപറേഷനുകളിൽനിന്നും നഗരസഭകളിൽനിന്നും മാത്രം വിവിധ ഇനത്തിൽ നികുതി പിരിച്ചെടുക്കാനുള്ളത് 716.16 കോടി രൂപയാണ്.
വസ്തു നികുതിയിൽനിന്നാണ് കൂടുതൽ തുക കിട്ടാനുള്ളത്. ഈയിനത്തിൽ 505.46 കോടി രൂപയാണ് നഗരസഭകൾ പിരിച്ച് നൽകാനുള്ളത്. പ്രഫഷനൽ നികുതി ഇനത്തിൽ 140.44 കോടിയും വാടകയിനത്തിൽ 67.16 കോടിയുമാണ് കുടിശ്ശിക. വിവിധ മേഖലകളിലെ ലൈസൻസിന് 3.45 കോടിയും വിനോദനികുതി ഇനത്തിൽ 22.26 ലക്ഷവും കോർപറേഷൻ -നഗരസഭകൾ സർക്കാറിന് നൽകാനുണ്ട്. കോർപറേഷനുകളിലും നഗരസഭകളിലുമായി കെട്ടിട നികുതിയിനത്തിൽ 1418.01 കോടി രൂപ ഡിമാൻഡും 701.31 കോടി രൂപ കലക്ഷനും ഉൾപ്പെടെ 49.46 ശതമാനം നികുതി പിരിവേ ഈ മാർച്ച് വരെ കൈവരിക്കാനായിട്ടുള്ളൂവെന്നും ധന വകുപ്പിൽനിന്ന് ലഭ്യമായ വിവരങ്ങൾ വ്യക്തമാക്കുന്നു.
മുക്കാൽ ഭാഗം പിരിച്ചെടുത്ത് പഞ്ചായത്തുകൾ
അതേസമയം, നഗരസഭകളെ അപേക്ഷിച്ച് ഗ്രാമപഞ്ചായത്തുകൾ നികുതി പിരിവിൽ മുന്നിലാണ്. കെട്ടിട നികുതി ഇനത്തിൽ കുടിശ്ശിക ഉൾപ്പെടെ 2022 -2023 സാമ്പത്തിക വർഷം 65,346.79 ലക്ഷം രൂപ ഡിമാൻഡും 48,325.34 ലക്ഷം രൂപ കലക്ഷനുമടക്കം 74 ശതമാനം നികുതി പിരിവ് പഞ്ചായത്തുകൾ കൈവരിച്ചു. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളുടെ കുടിശ്ശിക 3.59 കോടിയാണ്. റവന്യൂ വിഭാഗത്തിൽ കോഴിക്കോട് ജില്ലയാണ് (3.09 കോടി) കൂടുതൽ കുടിശ്ശിക വരുത്തിയത്. തിരുവനന്തപുരം 37.88 ലക്ഷവും എറണാകുളം 9.13 ലക്ഷവും വയനാട് 2.95 ലക്ഷവും കുടിശ്ശികയുണ്ട്. മോട്ടോർ വാഹന വകുപ്പിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാഹനങ്ങളിൽനിന്ന് ലഭിക്കാനുള്ള നികുതി കുടിശ്ശിക 4.24 ലക്ഷമാണ്. അതേസമയം, റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള അപേക്ഷിച്ച് മറ്റു സർക്കാർ സ്ഥാപനങ്ങളാണ് കൂടുതൽ നികുതി കുടിശ്ശിക വരുത്തിയത്. മറ്റു സർക്കാർ സ്ഥാപനങ്ങൾ 79.74 കോടി രൂപയാണ് നൽകാനുള്ളത്.
നികുതി കുടിശ്ശിക പിരിച്ചെടുക്കാൻ വാർഡുകൾ തോറും വ്യാപക പ്രചാരണം നടത്തി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചുവരുന്നുണ്ടെന്നും പുരോഗതി മേഖല ജോയന്റ് ഡയറക്ടർ തലത്തിൽ അവലോകനം നടത്തുന്നുണ്ടെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് വിശദീകരിച്ചു. കുടിശ്ശിക ആയ നികുതി പിരിച്ചെടുക്കുന്നതിന് പിഴപ്പലിശ മാർച്ച് 31 വരെ ഒഴിവാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.