മുഖം മാറാൻ നഗരസഭകൾ; ഖരമാലിന്യ പരിപാലന പദ്ധതിക്ക് തുടക്കം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ നഗരസഭകളിലേയും ഖരമാലിന്യം ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദവുമായി സംസ്കരിക്കുന്നതിനും നിര്‍മാര്‍ജനം ചെയ്യുന്നതിനുമായി സർക്കാർ നടപ്പാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിക്ക് സംസ്ഥാനത്തെ 87 മുനിസിപ്പാലിറ്റികളിലും ആറ് കോര്‍പറേഷനുകളിലും തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളാണ് 93 നഗരസഭകളിൽ ആരംഭിച്ചത്.
പദ്ധതിയുടെ ഭാഗമായി നഗരസഭകൾക്ക് നിലവിലുള്ള മാലിന്യസംസ്കരണ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നടപ്പാക്കുന്നതിനുമായി ആദ്യഘട്ട ഗ്രാന്റുകൾ ലഭ്യമാക്കും. ഇതിനായി തദ്ദേശ സ്ഥാപനങ്ങൾ സമർപ്പിച്ചിരിക്കുന്ന പദ്ധതികളുടെ അംഗീകാരത്തിനുള്ള നടപടികൾ പുരോഗമിക്കുന്നു. നിലവിലുള്ള മാലിന്യസംസ്കരണ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പ്രാദേശികമായ പ്രത്യേകതകൾക്ക് അനുയോജ്യമായ രീതിയിൽ വിവിധ ഖരമാലിന്യ സംസ്കരണ പദ്ധതികൾ നടപ്പാക്കുന്നതിനും നഗരസഭകൾക്ക് ഈ ഗ്രാന്റ് ഉപയോഗിക്കാം.
നഗരങ്ങളിലെ വീടുകൾ, സ്കൂളുകൾ, വാണിജ്യസ്ഥാപനങ്ങൾ, ഓഫിസുകൾ തുടങ്ങിയ എല്ലാ ഇടങ്ങളിലും ഉല്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ തോത് കണ്ടെത്തുന്നതിനുള്ള ജി.ഐ.എസ് മാപ്പിങ്ങും വിവര ശേഖരണവും പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നതിന് തദ്ദേശ മന്ത്രി എം.വി. ഗോവിന്ദൻ നിർദേശം നൽകി.
പരമ്പരാഗതമായി മാലിന്യം ഉപേക്ഷിക്കുന്ന സ്ഥലങ്ങളില്‍ ആ ഭൂമി വീണ്ടെടുക്കുന്ന പ്രവര്‍ത്തനങ്ങളും ആദ്യഘട്ടത്തില്‍ ആരംഭിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലായി 34 പരമ്പരാഗത മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ് (PPP) മോഡലിൽ ആദ്യത്തെ കേന്ദ്രീകൃത റീസൈക്ലിങ് പാർക്ക് സ്ഥാപിക്കും. പുനരുപയോഗ സാധ്യമായ എല്ലാത്തരം ഖരമാലിന്യവും വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലേക്ക് മാറ്റാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.