മൂന്നാര്‍ അപകടാവസ്ഥയിലെന്ന് കേന്ദ്രമന്ത്രിയുടെ റിപ്പോർട്ട്
text_fieldsന്യൂഡൽഹി: മൂന്നാര്‍ അപകടാവസ്ഥയിലാണെന്ന് കേന്ദ്രമന്ത്രി സി.ആര്‍. ചൗധരിയുടെ റിപ്പോര്‍ട്ട്. മൂന്നാർ സന്ദർശിച്ചതിന് ശേഷം തയാറാക്കിയ റിപ്പോർട്ടിലാണ് കേന്ദ്രമന്ത്രിയുടെ നിഗമനം. മൂന്നാറിലെ കെട്ടിടങ്ങള്‍ അപകടാവസ്ഥയിലാണെന്നും അപകടം ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമാണെന്നുമുള്ള റിപ്പോര്‍ട്ട് ചൗധരി പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സമര്‍പ്പിച്ചു.
മൂന്നാര്‍ അതീവ അപകടാവസ്ഥയിലാണ്. ഇപ്പോഴത്തെ നിലയില്‍ തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകും. ഉത്തരാഖണ്ഡിലെ പോലെ വലിയ ദുരന്തത്തിനുള്ള സാധ്യതയില്ലെങ്കിലും കെട്ടിടങ്ങള്‍ ഇടിഞ്ഞുവീഴാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടുങ്ങിയ വഴികളാണ് മൂന്നാറിലേക്കുള്ളത് എന്നത് കൊണ്ട് വലിയ അപകടങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാകും. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന് പോലും ലക്ഷ്യസ്ഥാനത്ത് പെട്ടെന്ന് എത്തിപ്പെടാനാവാത്ത സാഹചര്യമാണുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പരിസ്ഥിതിലോല പ്രദേശങ്ങളിലെ സര്‍ക്കാര്‍ഭൂമി കൈയേറി നിര്‍മിച്ചിരിക്കുന്ന വന്‍കിട കെട്ടിടങ്ങള്‍ ഭാവിയില്‍ അപകടങ്ങള്‍ക്കു കാരണമാകും. മണ്ണിടിച്ചില്‍, പാറ അടര്‍ന്നുവീഴല്‍ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ സംഭവിക്കാവുന്ന മേഖലകളാണ് മൂന്നാറിലധികവും. കൈയേറ്റങ്ങള്‍ ഏതു പാര്‍ട്ടിക്കാര്‍ നടത്തിയാലും നിയമവിരുദ്ധമാണ്. ഇതു തടയേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.