മൂന്നാറിൽ അവധിദിന ഭൂമി കൈയേറ്റം നടപ്പില്ല; ഉദ്യോഗസ്ഥർ റോന്തുചുറ്റും
text_fieldsതൊടുപുഴ: ബക്രീദും തിരുവോണവുമടക്കം കൂട്ടത്തോടെയെത്തുന്ന അവധി ദിവസങ്ങളിൽ ഉദ്യോഗസ്ഥരുടെ അസാന്നിധ്യം മുതലെടുത്ത് അനധികൃത നിർമിതികൾക്ക് കാത്തിരുന്ന കൈയേറ്റമാഫിയക്ക് തിരിച്ചടി. അവധി ദിവസങ്ങളിൽ ഇവിടെ കൈേയറ്റങ്ങളും മണ്ണെടുപ്പും ഒഴിവാക്കാൻ കലക്ടറും ദേവികുളം സബ് കലക്ടറും ചേർന്ന് കർമപദ്ധതി തയാറാക്കി.
മൂന്നാർ മേഖലയിലെ രണ്ട് താലൂക്കുകളിൽ തഹസിൽദാർ ഉൾെപ്പടെ ഉദ്യോഗസ്ഥരെ അവധി ദിവസങ്ങളിൽ ജോലിക്ക് നിയോഗിച്ചിരിക്കുകയാണ് ദേവികുളം സബ് കലക്ടർ. ഒാണക്കാലത്തെ അവധി ദിനങ്ങളിൽ അനധികൃത നിർമാണം, അനധികൃത മണ്ണെടുപ്പ്, നിലം നികത്തൽ, സർക്കാർ ഭൂമി കൈയേറ്റം എന്നിവക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ട് പരിഗണിച്ചാണ് സബ് കലക്ടർ ഉത്തരവിട്ടത്.
തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, സീനിയർ ക്ലർക്ക്, ക്ലർക്ക്, വി.എഫ്.എ, പി.എൽ.പി.എഫ് തുടങ്ങിയവരെയാണ് അവധി ദിനങ്ങളിൽ ജോലിക്ക് നിയോഗിച്ചത്. ബക്രീദ് ദിനമായ ഒന്നിന് തഹസിൽദാർ എം.കെ. ഷാജി ഉൾെപ്പടെ ആറുപേർ ഡ്യൂട്ടിക്കുണ്ടാകും. ഉത്രാടദിനത്തിൽ ഡെപ്യൂട്ടി തഹസിൽദാറടക്കം അഞ്ചുപേരും തിരുവോണദിനത്തിൽ ഡെപ്യൂട്ടി തഹസിൽദാറുടെ നേതൃത്വത്തിൽ നാലുപേരും അവിട്ടം ദിനമായ അഞ്ചിന് ഡെപ്യൂട്ടി തഹസിൽദാർ ഉൾെപ്പടെ അഞ്ചുപേരും ഡ്യൂട്ടിക്കെത്തും.
ചതയദിനത്തിലും രണ്ടാം ശനിയാഴ്ചയായ ഒമ്പതിനും തുടർന്ന് പത്തും പന്ത്രണ്ടും തീയതികളിലും ആറ് ഉദ്യോഗസ്ഥർ ജോലിയിലുണ്ടാകും. ദേവികുളം, ഉടുമ്പൻചോല മേഖലയിലാണ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചത്. ഇൗ ദിവസങ്ങളിൽ ഒാരോ പരിശോധന വിഭാഗവും കൈക്കൊണ്ട നടപടി സംബന്ധിച്ച വിശദവിവരങ്ങൾ തഹസിൽദാർ നേരിട്ട് സബ് കലക്ടർക്ക് റിപ്പോർട്ട് ചെയ്യണം. പ്രതിദിന റിപ്പോർട്ട് റവന്യൂ ഡിവിഷൻ കാര്യാലയത്തിലേക്ക് അയക്കുകയും വേണമെന്ന നിർദേശമാണ് സബ് കലക്ടർ പ്രേംകുമാർ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.