കൈയേറ്റം: മൂന്നാറിൽ വനഭൂമി മാത്രം 2717 ഏക്കർ നഷ്ടമായി
text_fieldsതൊടുപുഴ: ദേശീയോദ്യാനമായ മൂന്നാർ കുറിഞ്ഞിമല സേങ്കതത്തിൽ ഉൾപ്പെട്ട വട്ടവട, കൊട്ടക്കാമ്പൂർ വില്ലേജുകളിലെ നൂറുകണക്കിനേക്കർ വനഭൂമി കൈയേറ്റം മൂലം നഷ്ടമായതായി വനം-, സർവേ വകുപ്പുകളുടെ സംയുക്ത പരിശോധനയിൽ കണ്ടെത്തി. ജനപ്രതിനിധികളുടെയടക്കം പ്രമുഖരുടെ ഭൂമി ഇടപാടിലൂടെ വിവാദമായ മേഖലയിലാണ് വനഭൂമി നഷ്ടം കണ്ടെത്തിയത്. മൂന്നാർ വനം ഡിവിഷെൻറ പരിധിയിൽ വരുന്ന ഇവിടെ വനഭൂമി മാത്രം 2717 ഏക്കറാണ് കൈയേറിയിട്ടുള്ളത്. മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷെൻറ പരിധിയിൽ മുളങ്ങാമുട്ടി ഭാഗത്ത് ഒരേക്കർ വെറെയും കൈയേറിയതായി സർവേയിൽ വ്യക്തമായി. കൊട്ടക്കാമ്പൂരിൽ ഭൂമി കൈയേറി കൈവശംവെച്ചിരിക്കുന്നെന്ന പരാതിയിൽ സബ്കലക്ടർ രണ്ടുവട്ടം നൽകിയ നോട്ടീസിലും ഹാജരായി രേഖകൾ സമർപ്പിക്കാൻ ജില്ലയിെല മുഖ്യ ജനപ്രതിനിധി തയാറായിട്ടില്ല.
ഇൗ പ്രദേശത്ത് റവന്യൂ -വനം അധികൃതരെ സ്വാധീനിച്ച് ആയിരക്കണക്കിന് ഏക്കർ സർക്കാർ ഭൂമി കൈയേറ്റക്കാർ കൈവശപ്പെടുത്തിയതായി നേരേത്ത അഡീഷനൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് ശേഷം വന്ന റിപ്പോർട്ടിലാണ് ഇത്രയേറെ വനഭൂമി നഷ്ടം വക്തമായത്. വ്യാജ പ്രമാണങ്ങളുടെ പിൻബലത്തിൽ കൈയേറ്റം ന്യായീകരിക്കുന്ന ഭൂമാഫിയക്ക് തിരിച്ചടിയാണ് സർക്കാർ കൈവശത്തിലുണ്ടാകേണ്ട വനം 2717 ഏക്കർ നഷ്ടമായെന്ന കണ്ടെത്തൽ. സർക്കാർ ഭൂമി കൈയേറുന്നതിനൊപ്പം ചോലവനവും വ്യാപകമായി നശിപ്പിച്ചതായി പുതിയ സർവേ ചൂണ്ടിക്കാട്ടുന്നു. ചോലവനങ്ങൾ നശിപ്പിച്ച് യൂക്കാലി മരങ്ങൾ നട്ടതായി പറയുന്ന റിപ്പോർട്ടിൽ കുറിഞ്ഞിമല സങ്കേതത്തിെൻറ ആവാസ വ്യവസ്ഥയെ ഇത് ബാധിച്ചതായും ചൂണ്ടിക്കാട്ടുന്നു. നീലക്കുറിഞ്ഞി പൂക്കുന്ന സങ്കേതം സംരക്ഷിക്കാനുളള പദ്ധതികൾ യാഥാർഥ്യമാക്കാൻ കഴിയാത്തത് കൈയേറ്റ സാധ്യത നിലനിർത്തിയിരിക്കുകയാണ്. സങ്കേതത്തിെൻറ അതിരുകളിൽ വ്യക്തത വരുത്തുന്നതിന് സർവേ നടപടികൾ വനം വകുപ്പ് ഇനിയും പൂർത്തീകരിച്ചിട്ടില്ല. തദ്ദേശവാസികൾ സർവേ നടത്താൻ സമ്മതിക്കുന്നില്ലെന്ന ന്യായമാണ് വനം വകുപ്പ് അധികൃതർ നൽകുന്നത്.
മാങ്കുളം മുതൽ വട്ടവട വരെ ഭൂപ്രദേശത്തെ നിബിഡ വനമാണ് വൻകിട കൈയേറ്റക്കാർ വ്യാജരേഖ ഉപയോഗിച്ച് കൈവശപ്പെടുത്തിയിരിക്കുന്നത്. ജൈവ വൈവിധ്യത്തിെൻറ വിശാല ഭൂമികയായ പശ്ചിമഘട്ട പർവതനിരകളിലേറെയും സ്വകാര്യ മുതലാളിമാർക്ക് പതിച്ച് നൽകിയത് വനം -റവന്യൂ ഉദ്യോഗസ്ഥരാണ്. ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലായി വ്യാപിച്ച് കിടക്കുന്ന റവന്യൂ-വനഭൂമി രണ്ട് പതിറ്റാണ്ടിനിടെ വലിയ തോതിലാണ് സർക്കാറിന് നഷ്ടമായത്. ചിന്നാർ വന്യജീവി സങ്കേതത്തിനും മറയൂർ ചന്ദന റിസർവിനും സമീപത്തെ പാമ്പൻമലയും കൈയേറ്റക്കാരുടെ കൈവശമാണ്. അപൂർവ വൃക്ഷങ്ങളും വന്യജീവി സമ്പത്തുമുണ്ടായിരുന്ന പാമ്പൻമലയിൽ ഇപ്പോൾ കൈയേറ്റക്കാർ വളർത്തുന്ന ഗ്രാൻറീസ് മാത്രമാണുള്ളത്. വർഷം മുഴുവൻ ജലസമൃദ്ധിയുണ്ടായിരുന്ന പാമ്പാറിനെ വറുതിയിലാക്കിയതും പാമ്പൻമലയിലെ വനനശീകരണമാണ്. 50 മുതൽ 100 ഏക്കർ വരെ ഭൂമി സ്വന്തമാക്കിയ നിരവധി പേരാണ് ഇവിടെയുള്ളത്. വിവിധ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് ചീഫ് കൺസർവേറ്ററുടെയും ലാൻഡ് റവന്യൂ കമീഷണറുടെയും മേൽനോട്ടത്തിലായിരുന്നു വനഭൂമി നഷ്ടം തിട്ടപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.