തകര്‍ത്ത കുരിശ് പുനഃസ്ഥാപിക്കണം -സ്പിരിറ്റ് ഇന്‍ ജീസസ്
text_fieldsതൃശൂര്‍: കൈയേറ്റം ഒഴിപ്പിക്കുന്നതിന്‍റെ ഭാഗമായി മൂന്നാർ പാപ്പാത്തിച്ചോലയില്‍ തകര്‍ത്ത കുരിശ് പുനഃസ്ഥാപിക്കണമെന്ന് ആത്മീയ സംഘടന സ്പിരിറ്റ് ഇന്‍ ജീസസ്. പാപ്പാത്തിച്ചോലയിലേത് ആയിരക്കണക്കിന് വിശ്വാസികള്‍ പ്രാര്‍ഥിക്കാനെത്തുന്ന സ്ഥലമാണ്. കുരിശ് തകര്‍ത്തെങ്കിലും ഇനിയും അവിടെ പോയി പ്രാര്‍ഥിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
പാപ്പാത്തിച്ചോലയില്‍ സംഘടനക്ക് സ്ഥലമില്ല. മരിയ സൂസൈന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണത്. മരിയ സൂസൈന്‍റെ വല്യപ്പന്‍ 60 വര്‍ഷമായി കൈവശംവെച്ച് അനുഭവിക്കുന്ന ഭൂമിയാണ്. രാജകുമാരി പഞ്ചായത്തില്‍ രണ്ട് പ്രാവശ്യം പട്ടയത്തിന് അപേക്ഷ കൊടുത്തു. അതിന്‍റെ രേഖകള്‍ പഞ്ചായത്ത് ഒാഫീസിലുണ്ട്. ആ സ്ഥലത്ത് വളരെ മുമ്പേ കുരിശ് സ്ഥാപിച്ചിട്ടുള്ളതാണെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു.
രണ്ടു കൊല്ലം മുമ്പ് മരിയ സൂസൈന്‍ സ്പിരിറ്റ് ഇന്‍ ജീസസിനെ സമീപിച്ച് പാപ്പാത്തിച്ചോലയിലെ കുരിശ് ജീര്‍ണിച്ചുവെന്നും വേറൊന്ന് സ്ഥാപിക്കാന്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ചു. അതിന്‍ പ്രകാരമാണ് പുതിയ കുരിശ് അവിടെ സ്ഥാപിച്ചത്. കുരിശ് നില്‍ക്കുന്നത് വെറും അഞ്ചടി വീതിയും അഞ്ചടി നീളവുമുള്ള സ്ഥലത്താണ്. അല്ലാതെ 2000 ഏക്കര്‍ ഭൂമി സംഘടന കൈയ്യേറിയിട്ടില്ല. ആ മല മുഴുവന്‍ എടുത്താല്‍ പോലും അഞ്ചേക്കറില്‍ കൂടുതല്‍ വരില്ല. കുരിശ് നില്‍ക്കുന്ന സ്ഥലത്തിന് സമീപത്തുണ്ടായിരുന്ന ഷെഡ്ഡുകള്‍ സംഘടനയുടേതല്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി.
കുരിശ് നീക്കാന്‍ പോകുന്ന കാര്യം ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചിരുന്നില്ല. കുരിശിന് മുകളില്‍ നോട്ടീസ് പതിക്കുക മാത്രമാണ് ചെയ്തത്. അറിയിച്ചിരുന്നുവെങ്കില്‍ ഇക്കാര്യങ്ങളല്ലാം വ്യക്തമാക്കിയേനെ എന്നും ഭാരവാഹികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.