മൂന്നാർ വ്യാജ പട്ടയം: അന്വേഷണത്തിന് പ്രത്യേക സംഘം വരും -സർക്കാർ ഹൈകോടതിയിൽ
text_fieldsകൊച്ചി: മൂന്നാർ മേഖലയിലെ സർക്കാർ ഭൂമിക്ക് വ്യാജ പട്ടയം അനുവദിച്ച സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കുമെന്ന് സർക്കാർ ഹൈകോടതിയിൽ. റവന്യൂ ഉദ്യോഗസ്ഥരടക്കം പ്രതികളായ കേസിൽ നിലവിലെ അന്വേഷണം തൃപതികരമല്ലെന്ന കോടതി പരാമർശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി. റവന്യൂ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കുന്ന പൊലീസിന്റെ സംഘത്തിനൊപ്പം സത്യസന്ധനായ റവന്യൂ ഉദ്യോഗസ്ഥനെയും ഉൾപ്പെടുത്തണമെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. മൂന്നാർ മേഖലയിലെ കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധ സംഘടനയായ വൺ എർത്ത് വൺ ലൈഫ് അടക്കം സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.
സംഘാംഗങ്ങൾ ആരൊക്കെയെന്ന് അടുത്ത തവണ വിഷയം പരിഗണിക്കുമ്പോൾ അറിയിക്കണമെന്ന് കോടതി നിർദേശിച്ചു. മൂന്നാർ കൈയേറ്റവുമായി ബന്ധപ്പെട്ട രാജൻ മധേക്കർ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റക്കാരായി പരാമർശിക്കുന്ന 19 റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടികളും അറിയിക്കണം. പട്ടയഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് നൽകുന്ന എൻ.ഒ.സി യാഥാർഥ്യമാണെന്ന് ഉറപ്പാക്കാൻ ക്യു.ആർ കോഡ് അടക്കം ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.
പ്രത്യേക സംഘത്തെ നിയമിക്കാൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി രണ്ടാഴ്ച സമയം തേടി. നേരത്തെ കേസിൽ കോടതി സി.ബി.ഐയെയും കക്ഷി ചേർത്തിരുന്നു. മൂന്നാർ മേഖലയിൽ മുന്നൂറേക്കറിലധികം ഭൂമി കൈയേറിയിട്ടുണ്ടെന്നും കൈയേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന പോലുള്ള ദുർബല വകുപ്പുകൾ മാത്രമാണ് ചുമത്തിയിരിക്കുന്നതെന്നും കോടതി ആവർത്തിച്ചു. തെളിവില്ലാത്തതിനാലാണ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാനാകാത്തതെന്ന സർക്കാർ വിശദീകരണത്തിന് അന്വേഷണം ശരിയായി നടന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നായിരുന്നു കോടതിയുടെ മറുപടി.
വാഗമണിലും കൈയേറ്റം നടന്നതായി കോടതി പറഞ്ഞു. കൈയേറ്റത്തിനുപിന്നിൽ മാഫിയകളുണ്ട്. രേഖകൾ കൃത്രിമമായി ഉണ്ടാക്കിയിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മാത്രമേ ഇതൊക്കെ നടക്കൂവെന്നും കോടതി പറഞ്ഞു. ഇക്കാര്യം സർക്കാറിനെ അറിയിക്കാമെന്നും ഓരോ കേസും പ്രത്യേകം പരിശോധിക്കുമെന്നും ഡി.ജി.പി അറിയിച്ചു. ഇതിനായാണ് പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കാൻ തീരുമാനിച്ചത്. നിലവിൽ തീർപ്പാക്കിയ കേസുകളും പരിശോധിക്കുമെന്നും സർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.