മൂന്നാർ കൈയേറ്റം: മുഖ്യമന്ത്രി റിപ്പോർട്ട് തേടി
text_fieldsതിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റം സംബന്ധിച്ച സമഗ്ര റിപ്പോർട്ട് സർവകക്ഷിയോഗത്തിന് മുമ്പ് നൽകണമെന്ന് റവന്യൂ വകുപ്പിനോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. കൈയേറ്റം ഒഴിപ്പിക്കുന്നതിൽ പൊതുധാരണയുണ്ടാക്കാൻ മേയ് ഏഴിനാണ് സർവകക്ഷിയോഗം വിളിച്ചിരിക്കുന്നത്. അതേസമയം വൻകിട കൈയേറ്റങ്ങൾ സംബന്ധിച്ച് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരെൻറ നിർദേശമനുസരിച്ച് കലക്ടർ പ്രാഥമികപട്ടിക തയാറാക്കി. താലൂക്ക് അടിസ്ഥാനത്തിലാണ് കണക്കെടുപ്പ് നടത്തിയത്. കൈയേറ്റ ഭൂമിയുടെ സർവേ നമ്പറും നിലവിൽ എന്തിന് ഉപയോഗിക്കുന്നുവെന്നുള്ളതും തഹസിൽദാർമാർ നൽകിയ റിപ്പോർട്ടിലുണ്ട്.
കലക്ടർക്ക് വിവിധ ഓഫിസുകളിൽനിന്ന് ലഭിച്ച റിപ്പോർട്ട് അനുസരിച്ച് കെ.ഡി.എച്ച്, പള്ളിവാസൽ, ആനവിരട്ടി, ചിന്നക്കനാൽ, ശാന്തൻപാറ, ബൈസൺവാലി, ആനവിലാസം, വെള്ളത്തൂവൽ തുടങ്ങിയ വില്ലേജുകളിൽ വൻതോതിൽ കൈയേറ്റംനടന്നിട്ടുണ്ട്. അതിൽ ഏലക്കാടുകളും നിത്യഹരിതവനങ്ങളും പുൽമേടുകളും ഉൾപ്പെടും. പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യകേന്ദ്രത്തിൽ കൈയേറ്റങ്ങളും അനധികൃത നിർമാണങ്ങളും നടന്നിട്ടുണ്ടെന്ന് കണ്ടെത്തി. മന്ത്രി എം.എം. മണിയുടെ സഹോദരനടക്കം വൻകിട കൈയേറ്റക്കാരുടെ പട്ടികയിലുണ്ട്. മണിയുടെ സഹോദരൻ എം.എം. ലംബോദരൻ ചിന്നക്കനാലിൽ 240 ഏക്കർ ഭൂമി കൈയേറിയെന്ന് റിപ്പോർട്ടിലുണ്ട്. കുരിശ് നീക്കംചെയ്തതുമായി ബന്ധപ്പെട്ട് വിവാദത്തിലായ പാപ്പാത്തിച്ചോലയിൽ 300 ഏക്കറിൽ കൈയേറ്റംനടന്നെന്നാണ് കണ്ടെത്തൽ. സ്പിരിറ്റ് ഇൻ ജീസസ് സംഘടനയുടെ നേതാവ് ടോം സഖറിയയുടെ സഹോദരന്മാരും കൈയേറ്റക്കാരുടെ പട്ടികയിലുണ്ട്. സി.പി.എം ശാന്തൻപാറ ഏരിയ കമ്മറ്റിയംഗം വി.എക്സ്. ആൽബിൻ ചിന്നക്കനാലിൽ 17 ഏക്കർ കൈയേറി. ആദിവാസികൾക്ക് വിതരണംചെയ്ത ഭൂമിയാണിത്.
ചിന്നക്കനാലിൽ 20 ഏക്കർ കൈയേറി ടോമിൻ ജെ. തച്ചങ്കരി കാറ്ററിങ് കോളജും ഹോസ്റ്റലും സ്ഥാപിച്ചു. സന്തോഷ് ജോർജ് കുളങ്ങര ചിന്നക്കനാലിൽ കെ.ഡി.എച്ച്, ബൈസൺവാലി വില്ലേജുകളിലായി മൂന്ന് ഏക്കർ കൈയേറി. സ്കൈ ജ്വല്ലറി ക്ലൗഡ് ഒമ്പത് റിസോർട്ടിന് സമീപം 12 ഏക്കർ കൈയേറി.
ലൂക്ക് സ്റ്റീഫൻ പുളിമൂട്ടിൽ ആനവിരട്ടിയിൽ 200 ഏക്കറും ഗ്രീൻ ജംഗിൾ അഞ്ചേക്കറും ആഴി റിസോർട്ട് 10 ഏക്കറും കലിപ്സോ അഡ്വഞ്ചേഴ്്സ് ആനയിറങ്ങലിൽ ഒമ്പതരയേക്കറും കൈയേറി. വിൻസെൻറ് ഡിക്കോത്ത കെ.ഡി.എച്ചിൽ ഒരേക്കറും ലവ് ഡെയ്ൽ 1.30 ഏക്കറും കൈയേറി. പള്ളിവാസൽ കെ.എസ്.ഇ.ബി വക സ്ഥലത്ത് 40 ഏക്കറിൽ കൈയേറ്റമുണ്ട്. ദേവികുളം സി.എച്ച്.സിക്കും ജി.വി.എച്ച്.എസ് സ്കൂളിനും ഒരേക്കറും ശിക്ഷക് സദൻ 20 സെൻറും കൈയേറിയിട്ടുണ്ട്.
അതേസമയം താലൂക്ക് ഓഫിസുകളിലെ ഭൂമി സംബന്ധമായി രേഖകളുടെ റീസർവേ ഫെയർ ഫീൽഡ് രജിസ്റ്ററുകൾ, പുറമ്പോക്ക് രജിസ്റ്ററുകൾ, പതിവനുവദിക്കാവുന്ന ഭൂമിയുടെ വിവരങ്ങളടങ്ങിയ െറേക്കാഡുകൾ, പട്ടയം നൽകിയതുമായി ബന്ധപ്പെട്ട നമ്പർ ഒന്ന്, രണ്ട് രജസ്റ്ററുകൾ തുടങ്ങിയവ പലതും നഷ്ടപ്പെട്ടിട്ടുണ്ട്. അതിനാൽ തുടരന്വേഷണം പലതരത്തിലും വഴിമുട്ടുമെന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.