കുരിശ് പൊളിച്ചപ്പോൾ ഏറ്റവുമധികം സന്തോഷിച്ചത് യേശുക്രിസ്തു -ഗീവർഗീസ് കൂറിലോസ്
text_fieldsകോഴിക്കോട്: മുന്നാറിൽ സർക്കാർ ഭൂമി കയ്യേറി നിർമിച്ച കുരിശ് പൊളിച്ച ജില്ല ഭരണകൂടത്തിെൻറ നടപടിയെ പിന്തുണച്ച് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. ആ കുരിശ് ഇന്ന് നീക്കപ്പെട്ടപ്പോൾ ഏറ്റവും സന്തോഷിച്ചത് യേശുക്രിസ്തു തന്നെയായിരിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മൂന്നാർ ദൗത്യത്തിന് അഭിവാദ്യങ്ങളർപ്പിച്ച അദ്ദേഹം അവസാനം നമുക്ക് ഒരു റവന്യൂ മന്ത്രി ഉണ്ടായിരിക്കുന്നുവെന്നും ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിെൻറ പുർണ്ണ രൂപം
ഒരു പഴയ സംഭവ കഥ ഓർക്കുന്നു. ഒരു ആഫ്രിക്കൻ രാജ്യത്ത് സുവിശേഷീകരണം നടത്താൻ കുറെ വെള്ളക്കാർ ചെന്നു. കുറെ ആഫ്രിക്കക്കാരെ ഒരുമിച്ച് നിർത്തി അവരോട് കണ്ണടക്കാൻ പറഞ്ഞു. പ്രാർത്ഥന കഴിഞ്ഞു അവർ കണ്ണു തുറന്നപ്പോൾ വെള്ളക്കാരുടെ കൈയ്യിലിരുന്ന ബൈബിൾ എല്ലാം ആഫ്രിക്കക്കാരുടെ കൈകളിലും ആഫ്രിക്കക്കാരുടെ കൈവശം ഉണ്ടായിരുന്ന ഭൂമി എല്ലാം വെള്ളക്കാരുടെ കൈയ്യിലുമായി. ബൈബിളും കുരിശും എല്ലാം പല കാലത്തും കോളനിവൽക്കരണത്തിനും അധിനിവേശത്തിനുമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മറ്റൊരിടത്ത് ഞാൻ എഴുതിയതു പോലെ കുറെ വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ ഒരു സ്ഥലത്ത് തോമാഗ്ലീഹയുടെ കാലത്തെ ഒരു കുരിശ് കണ്ടെത്തി എന്ന് പറഞ്ഞ് കുറെ നേതാക്കൾ പാവപ്പെട്ട വിശ്വാസികളെ സംഘടിപ്പിച്ച് ആ പ്രദേശം വെട്ടിപ്പിടിച്ചു. കൈയ്യേറ്റ തിരക്കിൽ തോമഗ്ലീഹയുടെ കാലത്ത് സിമന്റ് കുരിശ് ഇല്ലായിരുന്നു എന്ന് ചിന്തിക്കാനുള്ള ബുദ്ധി പോലും ഉദിച്ചില്ല. ഈ അധിനിവേശ പാരമ്പര്യത്തിന്റെ ഏറ്റവും സമീപകാല ഉദാഹരണമാണ് മൂന്നാറിലെ കുരിശ് . ആ കുരിശ് ഇന്ന് നീക്കപ്പെട്ടപ്പോൾ ഏറ്റവും സന്തോഷിച്ചത് യേശുക്രിസ്തു തന്നെയായിരിക്കും - മൂന്നാർ ദൗത്യത്തിന് അഭിവാദ്യങ്ങൾ, നമുക്ക് അവസാനം ഒരു റവന്യൂ മന്ത്രി ഉണ്ടായിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.