മൂന്നാറിലെ കൈയേറ്റം: സര്‍ക്കാറിന് ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷ വിമര്‍ശനം
text_fieldsചെന്നൈ: മൂന്നാര്‍ കൈയേറ്റം സംബന്ധിച്ച് ദേശീയ ഹരിത ൈട്രബ്യൂണല്‍ കേരള സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചു. പത്രറിപ്പോർട്ടുകളെ തുടർന്ന് സ്വമേധയാ കേസെടുത്ത ൈട്രബ്യൂണൽ കൈയേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയെന്നു നിരീക്ഷിക്കുകയും സർക്കാറിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുമെന്നും കൈയേറിയ സ്ഥലത്തെ റിസോര്‍ട്ടുകൾ, മറ്റു വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ വൈദ്യുതി കണക്ഷന് വിച്ഛേദിക്കുമെന്നും മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ നല്കിയ ഉറപ്പു പാലിക്കാത്തതിലും ൈട്രബ്യൂണല്‍ വിമര്‍ശിച്ചു.
കേസില്‍ കെ.എസ്.ഇ.ബിയെ കക്ഷിചേര്‍ത്ത ജസ്റ്റിസ് ഡോ. പി. ജ്യോതിമണി അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് വൈദ്യുതി കണക്ഷന് നല്‍കിയതിന് വിശദീകരണം നൽകാൻ ഉത്തരവിട്ടു. റിസോര്‍ട്ടുകളില്‍നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങള്‍ ജലമലിനീകരണത്തിന് കാരണമാകുന്നുവെങ്കില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദേശം നല്കി. മലിനീകരണത്തില്‍ കേരളത്തെ മറ്റൊരു ഡല്‍ഹിയോ മുംബൈയോ ആക്കുകയാണോയെന്നും പശ്ചിമഘട്ടത്തില്‍ ഇത് അനുവദിക്കില്ലെന്നും ൈട്രബ്യൂണല്‍ വ്യക്തമാക്കി.
മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിനുവേണ്ടി ഇതുവരെ സ്വീകരിച്ച നടപടി ഈ മാസം 29ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ വിശദമാക്കാൻ സര്‍ക്കാറിന് നിര്‍ദേശം നല്കി. സംസ്ഥാന വനം-പരിസ്ഥിതി സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാൻ, വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റർ, ഇടുക്കി ജില്ല കലക്ടർ, മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് നോട്ടീസയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.